സിനിമാ രംഗത്തും ടെലിവിഷൻ രംഗത്തും വർഷങ്ങളായി പ്രവർത്തിക്കുന്ന സാധിക സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.സോഷ്യൽ മീഡിയയിൽ വരുന്ന മോശം വരുന്ന കമന്റുകൾക്ക് മറുപടി പറയാൻ സാധിക മടിക്കാറില്ല.
തുടക്കക്കാലത്ത് താൻ സിനിമകൾ വേണ്ടെന്ന് വയ്ക്കാനുണ്ടായ കാരണമെന്തെന്ന് തുറന്ന് പറയുകയാണിപ്പോൾ സാധിക. ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. സിനിമയിൽ അവസരം തേടുമ്പോൾ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്നത് തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നെന്ന് സാധിക തുറന്ന് പറഞ്ഞു.
സാധികയുടെ വാക്കുകളിലേക്ക്…
പത്ത് വർഷം മുമ്പാണ് സിനിമയിലേക്ക് വരുന്നത്. അന്ന് മോശം അനുഭവങ്ങൾ തുറന്ന് പറയാൻ ഇന്നത്തെപ്പോലെ മീഡിയകളില്ല. തമിഴിലും ഇതേ സാഹചര്യമായിരുന്നു. സിനിമാ ലോകം മൊത്തത്തിൽ ഇങ്ങനെയാണെന്ന് കരുതി.
നല്ല കുടുംബത്തിൽ നിന്ന് വന്ന ആളാണ്. ഇത്തരം സാഹചര്യമാണെങ്കിൽ സിനിമയേ വേണ്ട എന്ന് അന്ന് തോന്നി. നേരിട്ട് എന്നോട് ആരും അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടിട്ടില്ല. ഫോൺ കോളിലൂടെയാണ് ചോദ്യങ്ങൾ. ഒരിക്കൽ നോ പറഞ്ഞാൽ ഇവരെ കണക്ട് ചെയ്ത് വരുന്ന ഒരു സിനിമയും ലഭിക്കാതാവും.
എന്റെ കൈയിൽ വിദ്യാഭ്യാസമുണ്ട്. അതുകൊണ്ട് മറ്റ് ജോലികൾ ചെയ്യാമെന്ന് കരുതി. ഒരുപക്ഷെ സംവിധായകനോ പ്രൊഡ്യൂസറോ ഇതൊന്നും അറിയുന്നുണ്ടാകില്ല. കാസ്റ്റിംഗ് ചെയ്യുന്നവരുടെ ആവശ്യമായിരിക്കും.
ഒരു സ്ഥലത്ത് യെസ് പറഞ്ഞാൽ വേറൊരു സ്ഥലത്ത് പോയി നോ പറയാൻ പറ്റില്ല. അന്ന് അവിടെ ചെയ്തല്ലോ ഇവിടെ ചെയ്തല്ലോ എന്ന ചോദ്യം വരും. അതിന്റെ ആവശ്യമില്ല. ഇത്തരം ആവശ്യങ്ങൾക്ക് വഴങ്ങുന്നവർ ഉള്ളതുകൊണ്ടാണല്ലോ എനിക്ക് അവസരങ്ങൾ ലഭിക്കാത്തത് എന്ന ദേഷ്യം ആദ്യം തോന്നിയിരുന്നു.
എന്നാൽ ഇപ്പോൾ അങ്ങനെയില്ല. പലർക്കും പല സാഹചര്യങ്ങൾ ആയിരിക്കാം. എനിക്ക് സ്വന്തം അഭിമാനം വിട്ട് ഒരു കാര്യവും ചെയ്യാൻ പറ്റില്ല. പത്ത് വർഷമായി സിനിമാ രംഗത്ത് ഉണ്ടായിട്ടും അന്ന് നിൽക്കുന്ന അതേ പൊസിഷനിൽ തന്നെയാണ് ഇന്നും നിൽക്കുന്നത്.
നല്ല ടീമിന്റെ കൂടെയാണെങ്കിൽ മാത്രമേ ഇനി സിനിമകൾ ചെയ്യാൻ താൽപര്യമുള്ളൂവെ ന്നും സാധിക വേണുഗോപാൽ വ്യക്തമാക്കി. ഈ അടുത്ത് ഓണത്തിനുള്ള ഷോ കട്ടായി. ഏകദേശം എല്ലാം ഓക്കെയായിരുന്നു.
ഇപ്പോൾ അഡ്ജസ്റ്റ്മെന്റിനു തയാറാണോ എന്ന ചോദ്യമല്ല, ചോദ്യങ്ങളൊക്കെ നിന്നു. നമുക്ക് രണ്ട് മൂന്ന് ദിവസം നിന്ന് അടിച്ചുപൊളിച്ച് പോകാമെന്ന് പറഞ്ഞു. കാലഘട്ടത്തിന്റെ വ്യത്യാസമുണ്ട്. എങ്ങനെ ചോദിക്കണമെന്ന് പലരും പഠിച്ചു- സാധിക തുറന്നടിച്ചു.