സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് സാധിക വേണുഗോപാൽ. അതുകൊണ്ടുതന്നെ ഏറെ സൈബർ ആക്രമണങ്ങളും നടിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. നടി പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾക്കാണ് മോശം കമന്റകൾ കൂടുതൽ വരാറുള്ളത്. അധിക്ഷേപങ്ങൾക്കു ചുട്ട മറുപടി നൽകാൻ സാധിക മടിക്കാറുമില്ല.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സാധിക തുറന്ന് പറഞ്ഞിരുന്നു. വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതു കൊണ്ടു തനിക്ക് അവസരങ്ങൾ ഇല്ലാതായെന്നാണ് സാധിക പറഞ്ഞത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ മോശം പ്രവണതകളെക്കുറിച്ച് സംസാരിക്കുകയാണ് സാധിക.
മൈൽസ്റ്റോൺ മേക്കേർസിലെ ചർച്ചയിലാണ് നടി തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചത്. മോശം കമന്റുകൾ ആദ്യമൊക്കെ ശ്രദ്ധിക്കുമായിരുന്നു. പിന്നെ ഇതൊരു ശീലമായി. മനഃസമാധാനമാണ് വേണ്ടത്. കമന്റുകൾ ലിമിറ്റ് ചെയ്തിട്ടുണ്ട്. എന്നെ ഫോളോ ചെയ്യുന്നവർക്കേ കമന്റ് ചെയ്യാൻ പറ്റൂ.
ഫോളോവേഴ്സിനെ പോലും എനിക്ക് പ്രശ്നമല്ല. വേണ്ടെന്നു തോന്നിയാൽ ഞാൻ റിമൂവ് ചെയ്യും. കാരണം എനിക്കിവരെ വേണ്ട. എന്റെ വർക്കിന് ഇവരാരുമല്ല കാശ് തരുന്നത്. എന്നെ വിളിക്കുന്ന പ്രൊഡ്യൂസേർസ് ആണ് പ്രതിഫലം തരുന്നത്.
ഇവന്റുകൾക്ക് പോകുമ്പോൾ ഇപ്പോൾ ഫോൺ കാമറകളാണ്. ഏത് ആംഗിളിലാണ് എടുക്കുന്നതെന്ന് അറിയില്ല. റീച്ചിന് വേണ്ടി മോശമായ രീതിയിൽ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ട്.
ഉദ്ഘാടനങ്ങൾക്ക് പോകുന്നതു കൊണ്ട് എനിക്ക് വരുന്ന കുറേ മെസേജുകൾ വരാറുണ്ട്. എന്തുകൊണ്ട് ഹണിയെ പോലെ വരുന്നില്ലെന്നാണ് പലരും ചോദിക്കുന്നത് ഞാനെന്തിനാണ് ഹണിയെ പോലെയാകുന്നത്? -സാധിക ചോദിക്കുന്നു. ഹണി റോസിനെ അനുകരിച്ച് വേറെ പലരും പോകുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ വരുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഒരാൾ അഭിപ്രായപ്പെട്ടു.