മാന്നാർ: ഓണത്തിന് ഉപ്പേരി, പപ്പടം, പായസം എന്നിവയില്ലെങ്കിൽ പിന്നെ എന്ത് ആഘോഷം. ഇവയൊക്കെ ഉണ്ടാക്കണമെങ്കിൽ മലയാളികൾക്ക് ഓട്ടുരുളി തന്നെ വേണം. മറ്റ് ലോഹപാത്രങ്ങളിൽ ഉണ്ടാക്കുന്നതിനേക്കാൾ രുചിയേറുന്നതിനൊപ്പം വറസാധനങ്ങൾക്ക് എണ്ണയും കുറച്ച് മതി. പൊന്നോണത്തെ വരവേൽക്കാൻ ഓട്ടുപാത്രങ്ങളുടെ ഈറ്റില്ലമായ മാന്നാറിലെ വിപണന ശാലകളിൽ പല വലുപ്പത്തിലുളള ഓട്ടുരുളികളുടെ വൻശേഖരം തന്നെയുണ്ട്.
പാരമ്പരാഗതരീതിയിൽ വിവിധ ആലകളിൽ നിർമിക്കുന്ന ഓട്ടുരുളിയും വെള്ളോട്ട് ഉരുളിയും മാന്നാറിൽ ലഭ്യമാണെന്നതിനാലാണ് ഇതിന്റെ ആവശ്യക്കാർ ഇവിടെ എത്തുന്നത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും വെങ്കല പാത്ര നിർമാണവും വിപണനവും നടത്തുന്നുണ്ടെങ്കിലും മാന്നാറിലുണ്ടാക്കുന്ന ഉത്പന്നങ്ങൾക്ക് ഗുണമേന്മയുള്ളതിനാലും പരമ്പരാഗതമായി നിർമിക്കുന്നതിനാലുമാണ് ഇവിടത്തെ ഉരുളിക്ക് പ്രിയമേറുന്നത്. അതിനാൽ നിരവധി ആളുകൾ ദൂരദേശങ്ങളിൽ നിന്നു പോലും ഇവിടെയെത്തി ഓട്ടുപാത്രങ്ങൾ വാങ്ങുന്നു.
ഓണത്തിന് ഉപ്പേരി വറുക്കുന്നതിനും പലഹാരങ്ങളും പായസവും പാകം ചെയ്യുന്നതിനും പൊടികൾ വറുക്കുന്നതിനും പ്രധാനമായും ഉപയോഗിക്കുന്നത് ഓട്ടുരുളിയാണ്. വീടുകളുടെ ഗൃഹപ്രവേശ ചടങ്ങുകൾക്കും വീടിന്റെ പൂമുഖം അലങ്കരിക്കുന്നതിനുമായി വെള്ളം നിറച്ച ഉരുളികളിൽ താമര ഉൾപ്പെടെയുള്ള പൂക്കൾ നിറച്ച് അലങ്കാരം ഒരുക്കുന്നതിനും വിഷുവിന് ആദ്യ കാഴ്ചയ്ക്ക് കണിയൊരുക്കാനും ഇവിടത്തെ ഉരുളിയാണ് പ്രധാനം.
ഓണം പടിവാതിൽക്കലെത്തിയതോടെ ഉരുളി വാങ്ങാൻ മാന്നാറിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ തിരക്കുമേറി. കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ മാന്നാർ ടൗണിന്റെ ഇരുവശങ്ങളിലും നിരന്നിരിക്കുന്ന ഓട്ടുപാത്രങ്ങളുടെ തിളക്കവും സൗന്ദര്യവും ഏവരെയും ആകർഷിക്കും.
പരുമലക്കടവ് മുതൽ തൃക്കുരട്ടി മഹാദേവർക്ഷേത്രം വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ റോഡിന് ഇരുവശങ്ങളിലുമായി ഏതാണ്ട് ഇരുപത്തഞ്ചോളം ഓട്ടുപാത്ര വിപണനശാലകളാണുള്ളത്. 10 ഇഞ്ച് മുതൽ 17 ഇഞ്ച് വ്യാസം വരെയുള്ള ഓട്ടുരുളികളുണ്ട്. കിലോയ്ക്ക് 800 രൂപാ മുതലാണ് ഇവയുടെ വില. ഏറെ പ്രതിസന്ധിയിലായ ഓട്ടുപാത്ര വ്യാപാര മേഖലയ്ക്ക് ഇക്കുറി ഓണം ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് മാന്നാറിലെ ഓട്ടുപാത്ര വ്യാപാരികൾ പറഞ്ഞു.
ഡൊമിനിക് ജോസഫ്