ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണമെന്റായ സാഫ് കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽ പോരാടും. ഡൽഹിയിൽ വച്ച് നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പ് മത്സരക്രമം വ്യക്തമായത്.
ഇന്ത്യ, പാക്കിസ്ഥാൻ എന്നിവർക്കൊപ്പം കുവൈറ്റ്, നേപ്പാൾ എന്നിവരാണ് ഗ്രൂപ്പ് എയിലുള്ള മറ്റ് ടീമുകൾ. ഗ്രൂപ്പ് ബിയിൽ ലബനൻ, മാലദ്വീപ്, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ ടീമുകൾ പോരാടും. കുവൈറ്റ്, ലബനൻ എന്നീ ടീമുകൾ പ്രത്യേക ക്ഷണിതാക്കളായി ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
ബംഗളൂരുവിൽ നടക്കുന്ന ടൂർണമെന്റ് ജൂൺ 21-ന് നടക്കുന്ന കുവൈറ്റ് – നേപ്പാൾ മത്സരത്തോടെയാണ് ആരംഭിക്കുക. അന്നേദിവസം രാത്രി 7:30-ന് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ജൂലൈ നാലിനാണ് ഫൈനൽ മത്സരം.
2021-ൽ നടന്ന അവസാന സാഫ് കപ്പ് ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഇന്ത്യ കിരീടം ചൂടിയിരുന്നു. ഇന്ത്യയുടെ എട്ടാം സാഫ് കപ്പ് കിരീട നേട്ടമായിരുന്നു ഇത്.