തിംഫു (ഭൂട്ടാൻ): സാഫ് അണ്ടർ 16 ഫുട്ബോളിൽ ഇന്ത്യൻ കൗമാര സംഘം ഫൈനലിൽ. സെമിയിൽ മാലദ്വീപിനെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഇന്ത്യക്കായി വിഷാൽ യാദവ് 22-ാം മിനിറ്റിൽ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു.
എയർബോർലങ് ഖാർത്തങാവ് (62’, 82’), എം.ഡി. അർബാഷ് (77’, 84’) എന്നിവർ ഇന്ത്യക്കായി ഇരട്ട ഗോൾ സ്വന്തമാക്കി. മുഹമ്മദ് കൈഫ് (36’), ലെവിസ് സങ്മിൻലുൻ (53’), മൻഭ മലങ്യാങ് (70’) എന്നിവരും ഇന്ത്യക്കായി വലകുലുക്കി. ഗ്രൂപ്പ് എ ചാന്പ്യന്മാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായിരുന്നു മാലദ്വീപ്.
ഫൈനലിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. സെമിയിൽ 2-1ന് പാക്കിസ്ഥാനെ കീഴടക്കിയാണ് ബംഗ്ലാദേശ് ഫൈനലിൽ പ്രവേശിച്ചത്. ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായിരുന്നു ബംഗ്ലാദേശ്. പാക്കിസ്ഥാൻ ഗ്രൂപ്പ് ബി ചാന്പ്യന്മാരും. ഞായറാഴ്ചയാണ് ഫൈനൽ.