അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഡ്രിപ്പിടാൻ കൈയിൽ കുത്തിയിരുന്ന സൂചിയിൽ നിന്നു രക്തം തിരികെ കയറി ഭിന്നശേഷിക്കാരനായ യുവാവ് മരിക്കാൻ ഇടയായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ച. രക്തം വാർന്ന് മണിക്കൂറുകളോളം യുവാവ് കിടക്കയിൽ കിടക്കേണ്ടിവന്നതായി ഭിന്ന ശേഷിക്കാരുടെ രക്ഷാകർതൃ സംഘടന പ്രതിനിധി.
ചികിത്സയിലിരുന്ന സഫ്വാനെ(32) കഴിഞ്ഞ ദിവസം സന്ദർശിക്കാനായി ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരുടെ രക്ഷാകർതൃ സംഘടന പരിവാർ കേരളയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റായ കെ. മുജീബാണ് സഫ്വാൻ രക്തത്തിൽ കുളിച്ചു കിടക്കുന്നതായി ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുന്നത്.
സഫ്വാൻ കിടന്നിരുന്ന കിടക്കയിലും ഷീറ്റിലും ഉടുവസ്ത്രത്തിലും രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു. തുടർന്ന് സഫ്വാനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വടുതല സഫ്വാൻ മൻസിലിൽ പരേതനായ അസീസിന്റെയും റഷീദ ഉമ്മയുടെയും വളർത്തുമകനായിരുന്നു സഫ്വാൻ
. മക്കളില്ലാത്ത ദന്പതികൾ എടുത്തു വളർത്തിയ സഫ്വാൻ ഒന്പതു വയസു വരെ പൂർണ ആരോഗ്യവാനായിരുന്നു. പിന്നീട് തലച്ചോറിനുണ്ടായ രോഗം സഫ്വാനെ 100 ശതമാനം വൈകല്യമുള്ള ഭിന്നശേഷിക്കാരനാക്കി മാറ്റി. പത്തു വർഷം മുന്പ് അസീസ് മരണപ്പെട്ടെങ്കിലും വീൽ ചെയറിൽ കഴിയുന്ന സഫ്വാനെ റഷീദ ഉമ്മ പരിചരിച്ചുവരികയായിരുന്നു.
കഴിഞ്ഞ രണ്ടിനായിരുന്നു ശരീരവേദനയും തലചുറ്റലും മൂലം സഫ്വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അതേസമയം സാധ്യമായ എല്ലാ ചികിത്സയും സഫ്വാന് ലഭ്യമാക്കിയിരുന്നെന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ രക്ഷാകർതൃ സംഘടനയായ പരിവാർ കേരളയും രംഗത്ത് വന്നിട്ടുണ്ട്.