കാട്ടാക്കട: നെയ്യാർ സിംഹ സഫാരി പാർക്ക് അടച്ചു പൂട്ടുമോയെന്ന ആശങ്കയിൽ നാട്ടുകാർ.സഫാരി പാർക്കിലുണ്ടായിരുന്ന നാഗരാജൻ എന്ന സിംഹം ചത്തതോടെ ഇനിയവശേഷിക്കുന്നത് പ്രായാധിക്യം ചെന്ന ബിന്ദുവെന്ന സിംഹം മാത്രമാണ്.
ഗുജറാത്തിലെ സുക്കർബാഗ് മൃഗശാലയിൽ നിന്നും ലക്ഷങ്ങൾ മുടക്കി കൊണ്ടു വന്ന സിംഹം ചത്തതോടെയാണ് സഫാരിപാർക്ക് അടച്ചുപൂട്ടുമോയെന്ന ആശങ്കയുണ്ടായത്.
സഫാരി പാർക്കിന്റെ ആകർഷകത്വം വീണ്ടെടുക്കാൻ ഏഷ്യൻ വംശജരായ സിംഹങ്ങളെ എത്തിക്കാൻ നടപടയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സഫാരിപാർക്കിൽ വന്ധ്യകരണം നടപ്പിലാക്കിയതോടെ പാർക്കിന്റെ പ്രവർത്തനം അവതാളത്തിലായെന്ന് ആരോപണമുണ്ട്. കേരളത്തിലെ ഏക സിംഹസഫാരി പാർക്കായ നെയ്യാർ പാർക്ക് വനം വകുപ്പിന്റെ കരുണതേടുന്ന നിലയിലാണ്.
നെയ്യാർ അണക്കെട്ട് തുരുത്തിൽ 9.065 സ്വക്കയർ കി.മീറ്റിൽ തലയുയർത്തി നിൽക്കുന്നതാണ് സിംഹപാർക്ക്. മുളങ്കാടുകൾ അതിരിടുന്ന ഈ തുരുത്തിൽ സിംഹങ്ങൾക്ക് ഒരു കാലത്ത് പ്രതാപമായിരുന്നു.
പശ്ചിമഘട്ടവികസനപദ്ധതിയിൽപ്പെടുത്തി 1985 ൽ ആരംഭിച്ച പാർക്ക് ഏറെക്കാലം നെയ്യാറിന്റെ ആകർഷകമായിരുന്നു. ബോട്ട് വഴിയും വാഹനം വഴിയും സഞ്ചാരികൾ ഇവിടെ എത്തിയിരുന്നു.
ഇന്നത് പഴങ്കഥ. 15 ഒാളം സിംഹങ്ങൾ ഉണ്ടായിരുന്ന പാർക്കാണിത്.റോഡ് പുനരുദ്ധാരണം, സിംഹങ്ങളുടെ കൂട് നന്നാക്കൽ, പാർക്കിന് ചുറ്റുമുള്ള കമ്പിവേലി നന്നാക്കൽ എന്നിവയ്ക്കു തുക അനുവദിച്ചെങ്കിലും പണികൾ ഫയലിൽ തന്നെ ഒതുങ്ങി.
പാർക്ക് നവീകരിക്കാനും സഞ്ചാരികളെ ആകർഷിക്കാനും നിരവധി പദ്ധതികൾ തയാറാക്കിയെങ്കിലും അതൊന്നും നടന്നില്ല.