സ്വന്തം ലേഖകൻ
തൃശൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയതിനെ തുടർന്ന് കോയന്പത്തൂരിൽനിന്ന് ഇന്നലെ അറസ്റ്റിലായ പ്രവീണ്‍ റാണയെ ചോദ്യം ചെയ്യൽ തുടരുന്നു.
താൻ പാപ്പരായിക്കഴിഞ്ഞെന്ന മൊഴിയാണ് റാണ പോലീസിനോട് പറയുന്നതെന്നാണ് സൂചന. ഒളിച്ചുതാമസിക്കാനുള്ള പൈസ പോലും കൈയിലുണ്ടായിരുന്നില്ലെന്നും കടം വാങ്ങിയാണ് ഒളിച്ചുതാമസിച്ചതെന്നും റാണ പറഞ്ഞതായി അറിയുന്നു.
എന്നാൽ പോലീസിത് വിശ്വസിച്ചിട്ടില്ല. തട്ടിപ്പുനടത്തിയ കോടികൾ ഏതെല്ലാം ബിനാമി പേരുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നതും എവിടെയെല്ലാം നിക്ഷേപിച്ചുവെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
തന്റെ അക്കൗണ്ടിൽ പത്തു പൈസയില്ലെന്നാണ് റാണ പോലീസിനോടു ആവർത്തിക്കുന്നത്. ഒളിച്ചുതാമസിക്കാൻ കോയന്പത്തൂരിലെത്തിയപ്പോൾ തന്റെ വിവാഹമോതിരം വരെ വിൽക്കേണ്ടി വന്നുവെന്ന് ഇയാൾ പറയുന്നു.
താൻ പൈസക്കായി പലരോടും ചോദിച്ചെങ്കിലും തന്നില്ലെന്നും വിദേശത്തു പോകാനുള്ള പദ്ധതി വരെ പൊളിഞ്ഞത് അങ്ങിനെയാണെന്നുമൊക്കെ ഇയാൾ പോലീസിനോട് ചോദ്യം ചെയ്യുന്പോൾ പറഞ്ഞതായാണ് വിവരം.
തന്നിൽനിന്നു പണം കടം വാങ്ങിയവർ ഇപ്പോൾ പണം തിരിച്ചുകൊടുക്കാൻ തയാറാകുന്നില്ലെന്ന പരാതിയും ഇയാൾ ഉന്നയിക്കുന്നുണ്ട്.
അതിനിടെ റാണയുടെ രണ്ട് അംഗരക്ഷകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാണയെ രക്ഷപ്പെടാൻ സഹായിച്ചത് ഇവരാണെന്ന് പോലീസ് പറയുന്നു.
റാണയുടെ അറസ്റ്റ് ഇന്നുണ്ടാകും. പരമാവധി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി ജുഡീഷൽ കസ്റ്റഡിയിൽ വിട്ടുകിട്ടാനാണ് പോലീസ് നീക്കം.കൊച്ചിയിലെ ഫ്ളാറ്റിൽ പൊലീസ് എത്തിയതിന് പിന്നാലെ അവിടെനിന്നു രക്ഷപ്പെട്ട റാണയെ സുഹൃത്തുക്കൾ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടത്രെ.
അവിടെനിന്നു ബസിൽ ഇയാൾ അങ്കമാലി എത്തി. അങ്കമാലിയിൽനിന്നു ബന്ധുവായ പ്രജിത്തിന്റെ കാറിലാണ് പൊള്ളാച്ചിയിലേക്ക് പോയത്.
ജനുവരി ഏഴിനെ പുലർച്ചെയാണ് ഇയാൾ കൊച്ചിയിൽനിന്നു പൊള്ളാച്ചിയിലേക്ക് കടന്നത്. പൊള്ളാച്ചിയിൽ റാണ ഒളിവിൽ കഴിഞ്ഞ ക്വാറിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.
ഇന്നലെ വൈകീട്ടാണ് ഇയാളെ കോയന്പത്തൂരിൽനിന്നു തൃശൂരിലേക്ക് എത്തിച്ചത്. കോയന്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലെ ദേവരായപുരത്തായിരുന്നു പ്രവീണ്‍ റാണയുടെ താമസം.
ഏറുമാടം കെട്ടി അംഗരക്ഷകർക്കൊപ്പം സന്യാസി വേഷത്തിൽ കഴിയുകയായിരുന്നു. പോലീസ് എത്തിയപ്പോൾ പട്ടികളെ അഴിച്ചുവിട്ടു.
തുടർന്ന് പോലീസ് ഇയാളെ അതി സാഹസികമായി പിടികൂടുകയായിരുന്നു. മൂന്ന് അംഗരക്ഷകരേയും പോലീസ് കസ്റ്റഡിയിലെടുത്തു.
തമിഴ് മാധ്യമങ്ങളിൽ വാർത്ത വരാത്തതിനാൽ റാണയെക്കുറിച്ച് ആർക്കും സംശയം തോന്നിയിരുന്നില്ല. അതിഥിത്തൊഴിലാളിയുടെ ഫോണിൽനിന്ന് വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് തൃശൂരിലെ പോലീസ്സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഫോണ്‍ പിന്തുടർന്നുള്ള അന്വേഷണം അറസ്റ്റിലെത്തുകയായിരുന്നു.