കൊല്ലം: സേഫ് കൊല്ലത്തിന്റെ ഭാഗമായി ജൂണിൽ ജില്ലയിലെ എല്ലാ സ്കൂളിലെയും ഒൻപതു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ബി എൽ എസ് -ഫസ്റ്റ് എയ്ഡ് പരിശീലനം നൽകുന്നു.
അപകടങ്ങൾ നടക്കുമ്പോൾ നോക്കി നിൽക്കാതെ രക്ഷാപ്രവർത്തനം നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പദ്ധതിയായ നിങ്ങൾ കാഴ്ചക്കാരല്ല രക്ഷകരാണ് -അതിന്റെ സ്വാഗതസംഘ രൂപീകരണം കളകക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്നു.
രണ്ടു ലക്ഷത്തിലധികം കുട്ടികൾ ഈ പദ്ധതി വഴി പരിശീലനം നേടും. ട്രാക്ക് ആണ് പദ്ധതി കോർഡിനേറ്റ് ചെയ്യുന്നത്. വരും തലമുറക്ക് പരിശീലനം നൽകുന്ന ഈ പദ്ധതി സേഫ് കൊല്ലത്തിന്റെ വരാൻ പോകുന്ന നാളുകളിലെ വിജയത്തിന് സഹായകരമായി മാറുമെന്ന് കളക്ടർ ബി അബ്ദുൽ നാസർ പറഞ്ഞു.
ട്രാക്ക് പ്രസിഡന്റ് റിട്ടയേർഡ് ആർ ടി ഒ ആർ തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. കൊല്ലം ഡി ഡി ഈ ഷീല, ഡെൽസ സെക്രട്ടറി സബ് ജഡ്ജ് സുബിത, എ സി പി അനിൽകുമാർ, ഐ എം എ ജില്ലാ ചെയർമാൻ ഡോ. ശ്രീകുമാർ, ട്രോമാ കോർഡിനേറ്റർ ഡോ. ബിജു നെൽസൺ, ഹോളിക്രോസ് എമർജൻസി വിഭാഗം തലവൻ ഡോ. ആതുരദാസ്, ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്, ട്രാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റിട്ടയേർഡ് ആർ ടി ഒ സത്യൻ പി എ എന്നിവർ പ്രസംഗിച്ചു.
പദ്ധതിയുടെ ചെയർമാനായി കളക്ടർ ബി അബ്ദുൽ നാസിനെയും ജനറൽ കൺവീനർ ആയി ട്രാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റിട്ടയേർഡ് ആർ ടി ഒ സത്യൻ പി എ യും തിരഞ്ഞെടുത്തു. ട്രാക്കിനോടൊപ്പം കൊല്ലം ഡി ഡി ഈ ഷീല സിരീഷിന്റെ നേതൃത്വത്തിൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്.
ഐ എം എ, ഏഞ്ചൽസ്, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, ഡെൽസ, ജില്ലയിലെ വിവിധ ആശുപത്രികൾ, നഴ്സിംഗ് കോളേജുകൾ, സ്കൂളുകൾ, പോലീസ്, ആരോഗ്യം, മറ്റ് ഡിപ്പാർട്ട്മെന്റുകൾ, മാധ്യമങ്ങൾ, വിവിധ സംഘടനകൾ, സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെ പതിനായിരക്കണക്കിന് പേർ ഈ പദ്ധതിയുടെ വിജയത്തിനായി ഒരുമിച്ചു ചേരുന്നുണ്ട്.
ഗിന്നസ് ഉൾപ്പെടെയുള്ള നിരവധി റെക്കോർഡുകൾ കൈവരിക്കാൻ പോകുന്ന ഇത്തരം ഒരു പദ്ധതി കേരളത്തിൽത്തന്നെ ആദ്യമാണെന്ന് ട്രാക്ക് പ്രസിഡന്റ് ് ആർ തുളസീധരൻ പിള്ളയും സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീടും അറിയിച്ചു.