ബോക്സ് ഓഫീസിലെ കനത്ത പരാജയങ്ങളിൽ നിന്ന് “ബ്രഹ്മാസ്ത്രം’ ചുഴറ്റി പുറത്തുവന്ന ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “വിക്രം വേദ’.
ഹൃതിക് റോഷൻ-സെ്യ്ഫ് അലി ഖാൻ കൂട്ടുക്കെട്ടിൽ പുറത്തുവരുന്ന ചിത്രം 2017-ൽ ഇതേ പേരിൽ റിലീസായ സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിന്റെ റീമേക്കാണ്.
ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കിടെയാണ് സെയ്ഫ് അലി ഖാൻ മാധ്യമങ്ങളോട് നടത്തിയ ഒരു പ്രസ്താവന ശ്രദ്ധേയമായി.
ചെറിയ തോതിലാണെങ്കിലും താൻ ഇടതുപക്ഷ അനുഭാവി ആണെന്ന് സെയ്ഫ് വെളിപ്പെടുത്തി. എന്നാൽ ഇത്തരം കാര്യങ്ങൾ ഇപ്പോൾ പുറത്തുപറയുന്നത് നന്നല്ലെന്നും ഉടൻതന്നെ അദേഹം കൂട്ടിച്ചേർത്തു.
വിക്രം വേദ സിനിമയിലെ താൻ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം വ്യാജ ഏറ്റുമുട്ടലുകൾ നടത്തുന്ന വ്യക്തിയാണെന്നും ഇതിനോട് യഥാർഥ ജീവിതത്തിൽ തനിക്ക് യോജിപ്പില്ലെന്നും പറഞ്ഞതിന് ശേഷമാണ് സെയ്ഫ് ഇടതുപക്ഷാഭിമുഖ്യം പ്രകടമാക്കിയത്.
ജീവിതത്തിൽ ലിബറൽ നയങ്ങൾ പിന്തുടരുന്ന ആളാണ് താനെന്നും പട്ടൗഡി ജൂനിയർ വ്യക്തമാക്കി.
സെയ്ഫിന്റെ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായതോടെ വിവാദങ്ങളും തലപൊക്കിയിട്ടുണ്ട്.
രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ബോളിവുഡ് താരങ്ങൾക്ക് പോലും സ്വാതന്ത്ര്യമില്ലാത്ത പരിതസ്ഥിതിയാണ് രാജ്യത്തെന്ന് ചിലർ ചൂണ്ടിക്കാട്ടി.
എന്നാൽ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്ന വേളയിൽ ഇക്കാര്യങ്ങൾ പറയുന്നത് ഉചിതമല്ല എന്നാണ് സെയ്ഫ് പറഞ്ഞതെന്ന വാദവമുണ്ട്.
തമിഴിൽ വിജയ് സേതുപതി-മാധവൻ കൂട്ടുകെട്ട് അണിനിരന്ന “വിക്രം വേദ’ ഒരുക്കിയ പുഷ്കർ-ഗായത്രി സഖ്യമാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
ഗുൽഷൻ കുമാർ, ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സെപ്റ്റംബർ 30-ന് തീയറ്ററുകളിലെത്തും.