മണ്ണാർക്കാട്: കുന്തിപ്പുഴ സഫീർ വധക്കേസിൽ എംഎൽഎ വേണ്ടരീതിയിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ലീഗിനുള്ളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ചേരിപ്പോര് രൂക്ഷമാകുന്നു. ഇത് അവസാനിപ്പിക്കാനുള്ള നേതൃത്വത്തിന്റെ ഇടപെടൽ വിജയം കാണുന്നുമില്ല. രണ്ടുമാസംമുന്പാണ് കോടതിപ്പടിയിലെ തുണിക്കടയിൽ ഒരുസംഘമാളുകളാണ് സഫീറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വിഷയത്തിൽ എംഎൽഎയും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഷംസുദീൻ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്ന് തുടക്കംമുതൽ പരാതി ഉയർന്നിരുന്നു. കഴിഞ്ഞദിവസം ഒരുവിഭാഗം ലീഗ് പ്രവർത്തകർ ഷംസുദീൻ എംഎൽഎയുടെ വീട് ഉപരോധിച്ചിരുന്നു.
രണ്ടുമണിക്കൂറോളം എംഎൽഎയെ പുറത്തു കടക്കാനാകാതെ തടഞ്ഞുവച്ചു. സ്വന്തംപാർട്ടിയിൽ തന്നെ പ്രതിഷേധം നേരിടേണ്ട സ്ഥിതിയാണ് എംഎൽഎയ്ക്കുള്ളത്.