മണ്ണാർക്കാട്: സിപിഐക്കാർ വെട്ടികൊലപ്പെടുത്തിയ എം.എസ്.എഫ് പ്രവർത്തകൻ കുന്തിപ്പുഴയിലെ വരോടൻ വീട്ടിൽ സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് സമരരംഗത്തേക്ക്. പോലീസ് അനാസ്ഥയ്ക്കെതിരെ പാർട്ടി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്നും നോതാക്കൾ പറഞ്ഞു.
സംഭവം നടന്നിട്ട് 50 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികളിൽ നാലുപേർക്ക് ജാമ്യം ലഭിക്കാനിടയാക്കിയതെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. ടി.എ.സിദ്ദീഖ്, മണ്ഡലം പ്രസിഡന്റ് ടി.എ.സലാം മാസ്റ്റർ, ജനറൽ സെക്രട്ടറി സി. മുഹമ്മദ് ബഷീർ, മുനിസിപ്പൽ ജനറൽ സെക്രട്ടറി റഫീക്ക് കുന്തിപ്പുഴ എന്നിവർ പറഞ്ഞു.
45 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും പ്രത്യേക അന്വേഷണസംഘം മണ്ണാർക്കാട് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലും, മുസ്ലിംലീഗ് പാർട്ടിക്കും സഫീറിന്റെ കുടുംബത്തിനും അന്വേഷണസംഘം മേധാവി ഷൊർണൂർ ഡിവൈഎസ്പി മുരളീധരൻ ഉറപ്പുനല്കിയിരുന്നു. ഈ ഉറപ്പ് പോലീസ് പാലിച്ചില്ലെന്ന് മാത്രമല്ല, അറസ്റ്റു ചെയ്യപ്പെട്ട പ്രതികൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരിക്കുന്നു. ഏതുസാഹചര്യത്തിലാണ് ഇവർക്ക് ജാമ്യം ലഭിച്ചതെന്ന് പരിശോധിക്കണം.
പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ പിടിക്കപ്പെടാനുളള പ്രതികളുമായി കൂടിയാലോചനകൾ നടത്താനും കേസിന്റെ കൂടുതൽ തെളിവുകൾ നശിപ്പിക്കപ്പെടാനും കൃത്രിമങ്ങൾ നടത്താനും ഇടയാക്കുമെന്നും പാർട്ടി ഭയപ്പെടുന്നു. സംഭവത്തിന്റെ തുടക്കത്തിൽ മണ്ണാർക്കാട് പോലീസ് കനത്ത ഗുരുതരമായ വീഴ്ചയും കേസ് അട്ടിമറിക്കാനുളള ശ്രമവും നടത്തുകയാണെന്ന് മനസിലാക്കിയ മുസ്ലിംലീഗ് പാർട്ടി മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും സഹായത്തോടെ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു.
തുടർന്ന് ഷൊർണൂർ ഡിവൈഎസ്.പി മുരളീധരന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അഞ്ച് പ്രതികളെ കൂടി അറസ്റ്റുചെയ്യുകയും, ഗൂഢാലോചന കുറ്റം ചുമത്തി 120 ബി വകുപ്പ് ചേർക്കുകയും ചെയ്തു. പോലീസ് ശക്തമായി കേസ് അന്വേഷിക്കുന്നില്ലെന്നും, പ്രതികളെ പിടിക്കാൻ ശ്രമം നടക്കുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. കേസ് വലിച്ച് നീട്ടികൊണ്ടുപോവുന്നതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാനിടയാക്കിയതെന്നും നേതാക്കൾ ആരോപിച്ചു.
അടിയന്തിരമായി കേസിൽ ഉൾപ്പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്യണം. പൊലീസിന്റെ അനാസ്ഥയിലാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചതെങ്കിൽ മേൽകോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കണം.പ്രതികളെ മുഴുവൻ അടിയന്തിരമായി പിടിച്ച് നിയമത്തിന്റെ മുന്പിൽ കൊണ്ടുവന്നില്ലെങ്കിൽ പാർട്ടി ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.ഇന്ന് മണ്ണാർക്കാട് യൂത്ത്ലീഗ് കമ്മിറ്റി നടത്തുന്ന യുവജന റാലിയും സമ്മേളനവും പോലീസിനെതിരെയുളള താക്കീതാവുമെന്നും നേതാക്കൾ പറഞ്ഞു.