പാലക്കാട്: മണ്ണാർക്കാട് സ്വദേശിയായ മുസ്ലീം ലീഗ് പ്രവർത്തകൻ സഫീറിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവരെ പിടികൂടണമെന്ന് പിതാവ് സിറാജുദീൻ. കൊലപ്പെടുത്തിയവരെ മാത്രമല്ല നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതെന്നും സിറാജുദീൻ മാധ്യമങ്ങളോട് പറഞ്ഞു.
സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്നും വ്യക്തി വൈരാഗ്യമാണ് പിന്നിലെന്ന് പോലീസ് പറയുന്നത്.
സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാരശാലയിൽ കയറി ഞായറാഴ്ച വൈകിട്ട് ഒൻപതോടെ ഒരു സംഘമാളുകൾ ഇയാളെ കുത്തുകയായിരുന്നു. അറസ്റ്റിലായവർ സിപിഐ അനുഭാവികളാണെന്നാണ് വിവരം. ക്രിമിനലുകളെ സിപിഐ സംരക്ഷിക്കുന്നുവെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്.