കല്ലടിക്കോട്: സ്വർണാഭരണം അണിഞ്ഞ് സ്ത്രീകൾക്ക് സുരക്ഷിതമായി പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യത്തിൽ സേഫ്റ്റി പിന്നിനു മാല മോഷണം തടയാൻ കഴിയുമെന്ന് മനസിലാക്കി കൊടുക്കുകയാണ് കല്ലടിക്കോട് ജനമൈത്രിപോലീസ്. താലപ്പൊലി നടക്കുന്ന ചുങ്കം കാട്ടുശ്ശേരി അയ്യപ്പൻകാവ് പരിസരത്താണ് ഇതേക്കുറിച്ച് ബോധവൽക്കരണം നടത്തിയത്.
കല്പാത്തി രഥോത്സവ സമയത്ത് തലവേദനയായി മാറുന്ന മാല മോഷണം തടയാനാണ് ജില്ലയിൽ സേഫ്റ്റി പിൻ പദ്ധതി പൊലീസ് ആദ്യം നടപ്പിലാക്കിയത്. സേഫ്റ്റിപിൻ വഴി മാലകൾ അണിഞ്ഞിരിക്കുന്ന വസ്ത്രവുമായി ബന്ധിപ്പിക്കുന്ന രീതിയാണിത്.
പിറകിൽ നിന്ന് മാല പൊട്ടിക്കാൻ ശ്രമം നടത്തിയാൽ എളുപ്പത്തിൽ മാല മോഷ്ടാവിന്റെ കയ്യിൽ പോകില്ല. മാല മോഷണം അറിയാൻ സാധിക്കും. ഇത് സമീപത്തുള്ളവരുടെ സഹായം തേടാൻ സ്ത്രീകൾക്ക് കഴിയുകയും ചെയ്യും. സേഫ്റ്റി പിൻ പോലീസ് തന്നെ സൗജന്യമായി വിതരണം ചെയ്തു. എസ്.ഐ.എം ബിജു, ബീറ്റ്ഓഫീസർമാരായ പുഷ്പദാസ്,ബിബീഷ് എന്നിവർ നേതൃത്വം നൽകി.