കേരളത്തില്‍ ശക്തമായ പ്രളയവും പേമാരിയും കനത്ത നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. മലയോര മേഖലകളും താഴ്ന്ന പ്രദേശങ്ങളും അപകടസാധ്യതാ പ്രദേശങ്ങളായി മാറിയിരിക്കുന്നു. കേരളത്തിലെ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതോടെ അപകടഭീതിയും കൂടിയിരിക്കുകയാണ്. കനത്ത മഴയിലും മണ്ണിടിച്ചിലിലും പല പ്രദേശങ്ങളും ഒറ്റപ്പെട്ട് കിടക്കുകയുമാണ്.
ഈ സാഹചര്യത്തില്‍ കേരളീയരുടെ രക്ഷയ്ക്കായി എത്തിയിരിക്കുകയാണ് ഫേസ്ബുക്കിന്റെ സേഫ്റ്റി ചെക്ക് ഫീച്ചര്‍. പേമാരിയിലും പ്രളയത്തിലും കുടുങ്ങിയവര്‍ സുരക്ഷിതരാണോ എന്ന് അറിയാനായാണ് ഫേസ്ബുക്ക് സേഫ്റ്റി ചെക്ക്.
ഈ സംവിധാനം ആക്ടിവേറ്റ് ആയി തുടങ്ങിയതു മുതല്‍ നിരവധിപേരാണ് താന്‍ സുരക്ഷിതരാണ് എന്ന് സേഫ്റ്റി ചെക്ക് വഴി അറിയിച്ചു തുടങ്ങിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കാണ് ഇത് ആശ്വാസമായത്. ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ താന്‍ സുരക്ഷിതരാണ് എന്ന് അറിയിക്കാനും ഇത് സഹായിക്കുന്നുണ്ട്.
‘ദ ഫ്ലഡിങ് എക്രോസ് കേരള, ഇന്ത്യ’ എന്ന പേജിലൂടെയാണ് സേഫ്റ്റി ചെക്ക് ചെയ്യാന്‍ പറ്റുന്നത്. എവിടെയാണെങ്കിലും ഞാന്‍ സുരക്ഷിതനാണ് എന്ന് ഇതില്‍ മാര്‍ക്ക് ചെയ്യണം. സഹായം ആവശ്യമാണെങ്കില്‍ അതും മാര്‍ക്ക് ചെയ്യാം. പ്രകൃതി ദുരന്തങ്ങളില്‍ അകപ്പെടുന്ന ആളുകള്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ലോകത്തിന്റെ ഏതു കോണില്‍ നിന്നും അറിയിക്കാനുള്ള സേവനമാണ് ഫേസ്ബുക് ‘സേഫ്റ്റി ചെക്ക്’.
ഇതുവരെ പ്രകൃതി ദുരന്തങ്ങളില്‍ മാത്രമാണ് സേഫ്റ്റി ചെക്ക് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് മറ്റു ദുരന്തങ്ങളോടു അനുബന്ധിച്ചും ഈ ഫീച്ചര്‍ ഫേസ്ബുക്ക് ഏര്‍പ്പെടുത്തി തുടങ്ങുകയായിരുന്നു. കഴിഞ്ഞ തവണ ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് വഴി നിരവധിയാളുകളാണ് സഹായം തേടിയത്.