മാലി: മാലദ്വീപിൽ നടക്കുന്ന സാഫ് ചാന്പ്യൻഷിപ്പ് ഫുട്ബോളിൽ ഇന്ത്യക്കു സമനില. ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് 1-1നു സമനിലയിൽ തളച്ചു.
മുന്നിൽ നിന്നശേഷമാണു പത്തുപേരുമായി മത്സരം പൂർത്തിയാക്കേണ്ടിവന്ന ബംഗ്ലാദേശിനോട് ഇന്ത്യക്കു സമനില വഴങ്ങേണ്ടിവന്നത്. 26-ാം മിനിറ്റിൽ സുനിൽ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു.
54-ാം മിനിറ്റിൽ ബിശ്വാനന്ത് ഘോഷ് ചുവപ്പ്കാർഡ് കണ്ടു. പത്തുപേരുമായി ചുരുങ്ങിയ ബംഗ്ലാദേശ് 74-ാം മിനിറ്റിൽ യെസീൻ അരാഫത്തിന്റെ ഗോളിൽ സമനില നേടി.
രണ്ടാം മത്സരത്തിനിറങ്ങിയ ബംഗ്ലാദേശ് സമനിലയുമായി പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ജയിച്ചിരുന്നു. ഒരു പോയിന്റുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
മത്സരത്തിൽ ഇരുടീമുകളും പതുക്കെയാണ് തുടങ്ങിയത്. പന്തടക്കത്തിൽ ആധിപത്യം പുലർത്തി ബംഗ്ലാ ഗോൾമുഖത്ത് ആക്രമിച്ചെങ്കിലും ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. ഇന്ത്യൻ പ്രതിരോധക്കാരുടെ പിഴവിൽ ബംഗ്ലാദേശ് താരങ്ങൾക്കു മുന്നേറാനായി.
26-ാം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി. ഉദാന്ത സിംഗിന്റെ പാസിൽനിന്നു നായകൻ സുനിൽ ഛേത്രി വലകുലുക്കി.
ഛേത്രിയുടെ 76-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. 121 മത്സരങ്ങളിൽനിന്നാണു ഛേത്രി 76 ഗോളുകൾ നേടിയത്. ഒരു ഗോൾകൂടി നേടിയാൽ ഇതിഹാസം പെലെയുടെ രാജ്യാന്തര ഗോൾ നേട്ടത്തിനൊപ്പം ഛേത്രി എത്തും. പെലെ ബ്രസീലിനുവേണ്ടി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകളാണ് നേടിയിരിക്കുന്നത്.
ഛേത്രിയുടെ ഗോളിനുശേഷം കൗണ്ടർ അറ്റാക്കിലൂടെ ഇന്ത്യയെ വിറപ്പിക്കാൻ ബംഗ്ലാദേശിനായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബംഗ്ലാദേശിന് ഇന്ത്യക്കു ഭീഷണിയുയർത്തി.
ബംഗ്ലാദേശ് ഡിഫൻഡർ ബിശ്വാനന്ത് ഘോഷ് ചുവപ്പ് കണ്ട് പുറത്തായതോടെ ഇന്ത്യ മത്സരം സ്വന്തമാക്കുമെന്നു തോന്നിച്ചതാണ്. എന്നാൽ പലപ്പോഴും ഇന്ത്യൻ ആക്രമണങ്ങൾക്കു മുന്നിൽ ബംഗ്ലാദേശ് ഗോൾകീപ്പർ അനിസുർ വിലങ്ങുതടിയായി.
കൗണ്ടർ അറ്റാക്കിലൂടെ ബംഗ്ലാദേശ് ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. ഇതിനിടെ 74-ാം മിനിറ്റിൽ ഇന്ത്യയെ ഞെട്ടിച്ച് ബംഗ്ലാദേശ് സമനില പിടിച്ചു. കോർണറിൽനിന്ന് ജമാൽ ഭുയാന്റെ പാസിൽനിന്നു യസിൻ അറഫാത്താണു ബംഗ്ലാദേശിന്റെ സമനില ഗോൾ നേടിയത്.
ഏഴിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 12 തവണ നടന്ന സാഫ് കപ്പ് ഫുട്ബോളിൽ ഏഴു തവണയും ജേതാക്കളായത് ഇന്ത്യയായിരുന്നു.