ബംഗളൂരു: 2023 സാഫ് ചാന്പ്യൻഷിപ്പ് ഫുട്ബോൾ കിരീടം ഇന്ത്യക്ക്. സഡൻ ഡെത്ത് വരെ നീണ്ട പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് കുവൈറ്റിനെ കീഴടക്കിയാണ് ഇന്ത്യ സാഫ് കപ്പിൽ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയായതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടു. ഇന്ത്യയുടെ ഒന്‍പതാം സാഫ് കപ്പ് നേട്ടമാണ്.
ഗുർപ്രീത് സൂപ്പർ ഹീറോ
ആദ്യ അഞ്ച് കിക്കിലും ഇരുടീമും 4-4 സമനില പാലിച്ചു. അതോടെയാണ് സഡൻ ഡെത്തിലേക്ക് എത്തിയത്. ഇന്ത്യയുടെ ആറാം കിക്ക് നെറോം മഹേഷ് സിംഗ് ലക്ഷ്യത്തിലെത്തിച്ചു. കുവൈറ്റിന്റെ ആറാം കിക്കെടുത്ത ഖാലിദ് ഇബ്രാഹിമിന്റെ ഷോട്ട് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധു തടഞ്ഞു. അതോടെ ഇന്ത്യ ജയത്തിൽ.
ഗുർപ്രീത് സിംഗ് നടത്തിയ സേവിംഗാണ് സെമിയിലെ ഷൂട്ടൗട്ടിലും ഇന്ത്യക്കു ജയം സമ്മാനിച്ചത്. ഫൈനലിലും ഇന്ത്യയുടെ സൂപ്പർ ഹീറോയായി ഗുർപ്രീത് അവതരിച്ചു.
സുനിൽ ഛേത്രി, സന്ദേശ് ജിങ്കൻ, ലാലിൻസ്വാല ഛാങ്തെ, സുബാശിഷ് ബോസ് എന്നിവരാണ് ആദ്യ അഞ്ച് കിക്കുകളിൽ ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ഉഡാന്ത സിംഗിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പാഞ്ഞു.
കുവൈറ്റ് ഗോള്‍
ഇന്ത്യയാണ് ആക്രമണം തുടങ്ങിയതെങ്കിലും കുവൈറ്റ് കാഴ്ചക്കാരായിരുന്നില്ല. 14-ാം മിനിറ്റില്‍ കുവൈറ്റ് ലീഡ് നേടി. അബ്ദുള്ള അല്ബൗഷി ബോക്സിനുള്ളില്‍വച്ച് നല്കിയ ലോ ക്രോസില്‍ അല്ഖാര്ദി ഇന്ത്യന്‍ വലകുലുക്കി. 1-0ന് കുവൈറ്റ് മുന്നില്‍. തുടര്‍ന്ന് ഇരുടീമിന്റെയും ഗോള്‍ ശ്രമങ്ങള്‍.
താരം ഛാങ്തെ
2022-23 സീസണില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫുട്ബോളര് ഓഫ് ദ സീസണ് പുരസ്കാരം സ്വന്തമാക്കിയ മിസോറം സ്വദേശിയായ ഛാങ്തെയുടെ ഗോളില്‍ ഇന്ത്യ സമനിലയിലെത്തി. 39-ാം മിനിറ്റിലായിരുന്നു ഛാങ്തെയുടെ ഗോള്‍. ആഷിഖ് കുരുണിയനില്നിന്ന് ലഭിച്ച പന്ത് സഹല്‍ അബ്ദുള്‍ സമദ് ഛാങ്തെയ്ക്ക് നല്കി. ഛാങ്തെയുടെ ഷോട്ട് കുവൈറ്റ് വലയില്‍. ഇന്ത്യ -1, കുവൈറ്റ് -1.