തളിപ്പറമ്പ്: മിച്ചഭൂമിയായി അനുവദിച്ചു കിട്ടിയ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിന് വില്ലേജ് ഓഫീസ് ജീവനക്കാരന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. പന്നിയൂര്‍ വില്ലേജിലെ കൂനത്ത് താമസിക്കുന്ന സഫിയയുടെ പരാതിയിലാണ് നടപടി.
പതിനെട്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവിന് അനുവദിച്ചു കിട്ടിയ സ്ഥലം അളന്നു ലഭിക്കാനുളള ഒറ്റയാള്‍ പോരാട്ടത്തിലാണ് കെ.വി.സഫിയ. അനുവദിച്ചു കിട്ടിയ ഭൂമിക്ക് പട്ടയം ലഭിച്ചിട്ടും കൃത്യമായി അളന്നു ലഭിക്കാന്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ഈ വീട്ടമ്മ. ഇവരുടെ ഭര്‍ത്താവ് മുസ്തഫക്ക് 2000 ത്തിലാണ് 27 സെന്റ് ഭൂമി അനുവദിച്ചത്. എന്നാല്‍ പതിച്ചു നല്കിയപ്പോള് അത് 15 സെന്റായി കുറഞ്ഞു.
അതില്‍ നിന്നും 3 സെന്റ് സ്ഥലം റോഡിനും പോയി. ശേഷിച്ച 13 സെന്റെങ്കിലും അളന്നു ലഭിക്കാനുളള പരക്കം പാച്ചലിനിടയില്‍ ഭര്‍ത്താവ് മുസ്തഫ മരണപ്പെട്ടു. പിന്നീട് സഫിയ തനിച്ചാണ് സ്ഥലത്തിനു വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുന്നത്. ഇപ്പോള്‍ ഇവിടെ 7 സെന്റ് സ്ഥലം മാത്രമാണുളളതെന്നാണ് വില്ലേജ് ഓഫീസില്‍ നിന്നും പറഞ്ഞതെന്നും സഫിയ പറയുന്നു. അതിനിടയില്‍ സ്ഥലം അളന്നു തരാമെന്ന് പറഞ്ഞ് വില്ലേജ് ഓഫിസിലെ ഒരു ജീവനക്കാരന് പലപ്പോഴായി വലിയ തുക ഇവരില്‍നിന്നും ചോദിച്ചു വാങ്ങിതായി സഫിയ പറയുന്നു.
സഫിയയോട് വില്ലേജ് ജീവനക്കാരന് കൈക്കൂലി വാങ്ങിയതായുളള പരാതിയെതുടര്‍ന്ന് തളിപ്പറമ്പ് തഹസില്‍ദാര്‍ ചുമതലപ്പെടുത്തിയ ജൂണിയര്‍ സൂപ്രണ്ട് പി.കെ ഭാസ്ക്കരന്‍, പന്നിയൂര്‍ വില്ലേജ് ഓഫിസര്‍ സി.റീജ എന്നിവരടങ്ങിയ സംഘം കൂനത്തെ സഫിയയുടെ സ്ഥലം സന്ദര്‍ശിച്ച് മൊഴിയെടുത്തു. പരാതിയില്‍ പറയുന്ന സ്ഥലം പരിശോധിക്കുകയും ചെയ്തു. ഇന്നു രാവിലെ പരിശോധന സംബന്ധിച്ചുളള റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് കൈമാറി. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെക്കുറിച്ച് നേരത്തേയും പരാതികള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ സൂചിപ്പിച്ചു.