കാബൂൾ: വോട്ടിന്റെ മൂല്യം എത്രയെന്ന് സഫിയുള്ള സഫിക്ക് നന്നായറിയാം, മറ്റാരേക്കാളും. തന്റെ ജീവന്റെ വില തന്നെയാണ് വോട്ടിനെന്ന് അറിയുന്ന സഫിയുള്ള അഫ്ഗാനിസ്ഥാന്റെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വോട്ടു ചെയ്തു. എല്ലാവരും വലത് ചൂണ്ടുവിരൽ ഉപയോഗിച്ച് വോട്ട് ചെയ്തപ്പോൾ തന്റെ രാജ്യത്തിന്റെ തലവനെ തെരഞ്ഞെടുക്കാൻ സഫിയുള്ള ഇത്തവണ ഇടത് കൈയുടെ ചൂണ്ടുവിരൽ ഉപയോഗിച്ചാണ് വോട്ട് ചെയ്തത്.
കാരണം മറ്റൊന്നുമായിരുന്നില്ല, കഴിഞ്ഞ തവണത്തെ (2014) തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തതിന് സഫിയുള്ളയുടെ വലത് ചൂണ്ടുവിരൽ താലിബാൻ ഭീകരർ അറുത്തുമാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്ന താലിബാൻ ആഹ്വാനം ചെവിക്കൊള്ളാതെ ബിസിനസുകാരനായ സഫിയുള്ള വോട്ട് ചെയ്തതിനുള്ള ശിക്ഷയായിരുന്നു അത്. എന്നാൽ മുപ്പത്തിയെട്ടുകാരനായ സഫിയുള്ളയെ ഭയപ്പെടുത്താൻ അതുകൊണ്ടൊന്നും താലിബാന് സാധിച്ചില്ലെന്നാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്.
ഇത്തവണയും സഫിയുള്ള വോട്ടു ചെയ്യാൻപോയി. അറത്തുമാറ്റിയ വലത് ചൂണ്ടുവിരലിനു പകരം ഇടത് ചൂണ്ടുവിരൽ ഉപയോഗിച്ച് തന്റെ സമ്മതിദാനാവകാശം വിനയോഗിച്ചു. മഷിപുരണ്ട ഇടത് ചൂണ്ടുവിരലും മുറിച്ചുമാറ്റപ്പെട്ട വലതു ചൂണ്ടുവിരലുമായി പുഞ്ചിരിക്കുന്ന ചിത്രം സഫിയുള്ള ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
2014 ൽ വോട്ട് ചെയ്തതിന് താലിബാൻ ആറു പേരുടെ വിരലാണ് മുറിച്ച് നീക്കിയത്. ശരിയാണ്, അതൊരു വേദനിപ്പിക്കുന്ന അനുഭവമായിരുന്നു. എന്നാൽ അതൊരു വിരൽ മാത്രമായിരുന്നു- സഫിയുള്ള പറയുന്നു. രാജ്യത്തിന്റെയും കുട്ടികളുടേയും ഭാവിയുടെ കാര്യംവരുമ്പോൾ കൈ മുഴുവനായും വെട്ടിക്കളഞ്ഞാലും തനിക്ക് ഒരിക്കലും പിറകിലേക്ക് നിൽക്കാനാവില്ലെന്നും സഫിയുള്ള സധൈര്യം പറഞ്ഞു.
2014 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം മഷിയുണങ്ങാത്ത വിരലുമായി കാബൂളിൽനിന്ന് കിഴക്കൻ നഗരമായ ഖോസ്റ്റിലേക്ക് വരുമ്പോഴാണ് താലിബാൻ ഭീകരർ സഫിയുള്ളയെ പിടികൂടുന്നത്. കാറിൽനിന്ന് വലിച്ചിറക്കിയ ശേഷം റോഡിൽനിന്നും മാറി മറ്റൊരു സ്ഥലത്തെത്തിച്ച് പരസ്യവിചാരണ നടത്തി വിരൽ മുറിച്ചുമാറ്റുകയായിരുന്നു. തങ്ങളുടെ ഭീഷണി വകവയ്ക്കാതെ വോട്ട് ചെയ്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചായിരുന്നു വിരൽ അറുത്തത്.
ഈ സംഭവത്തിൽ ഭയന്നുപോയ കുടുംബാംഗങ്ങൾ ഇനിയൊരിക്കലും വോട്ട് ചെയ്യരുതെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നു- സഫിയുള്ള പറയുന്നു. എന്നാൽ എല്ലായ്പ്പോഴും വോട്ട് ചെയ്യാൻ താൻ തീരുമാനിച്ചെന്നും നിർഭയനായി സഫിയുള്ള പറഞ്ഞു. സഫിയുള്ളയെ പോലെ നിരവധി പേരാണ് ഭീകരരുടെ ഭീഷണിക്കിടയിലും വോട്ട് ചെയ്യാൻ തയാറായത്.