രാജാവിന്റെ മകന്, ഇരുപതാം നൂറ്റാണ്ട് പോലുളള സിനിമകളിലൂടെ സൂപ്പർതാര പദവിയിലെത്തിയ താരമാണ് മോഹന്‍ലാല്‍.
എസ്.എന്‍ . സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് 1987ലാണ് പുറത്തിറങ്ങിയത്.
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ കഥാപാത്രമാണ് ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി.
ഇരുപതാം നൂറ്റാണ്ട് തിരക്കഥ എഴുതിയ അനുഭവം ഒരഭിമുഖത്തിൽ എസ്.എൻ. സ്വാമി പങ്കുവച്ചിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ കുടുംബപശ്ചാത്തലത്തിലുളള തിരക്കഥകളാണ് എസ്.എന്‍. സ്വാമി ഒരുക്കിയത്. ചക്കരയുമ്മ എന്ന സിനിമയ്ക്ക് കഥ എഴുതിയാണ് എസ് എന്‍ സ്വാമിയുടെ തുടക്കം.
രാജാവിന്റെ മകന് ഇറങ്ങിയ ശേഷമാണ് മലയാള സിനിമയില്‍ ത്രില്ലറുകള്‍ക്ക് വേറൊരു മാനമുണ്ടായതെന്ന് എസ് എന്‍ സ്വാമി പറയുന്നു.
“”എന്റെ അടുത്ത സുഹൃത്തുക്കളായ ഡെന്നീസ് ജോസഫും തന്പി കണ്ണന്താനവുമാണ് ആ ചിത്രം ഒരുക്കിയത്. ആന്റി ഹീറോ സബ്ജക്ട്സ് ആയിരുന്നു അത്.
സൊസൈറ്റിയില്‍ ആന്റി ഹീറോ എന്ന് പറയപ്പെടുന്നവരെ ഹീറോ ആക്കി കാണിക്കുന്ന സബ്ജക്ട്സ്.
അതിന്റെ തുടക്കമായിരുന്നു രാജാവിന്റെ മകന്. ആ സിനിമ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതോടെ അങ്ങനെയുളള സിനിമകള്‍ക്കായി ജനങ്ങള്‍ കാത്തിരുന്നു.
ആ സിനിമ വിജയമായതോടെ ഡെന്നീസ് ജോസഫ് തിരക്കേറിയ തിരക്കഥാകൃത്തായി. ഡെന്നീസ് ജോസഫിന് വലിയ തിരക്കുള്ള സമയത്താണ് കെ. മധുവിന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയത്.
ആ ഡേറ്റിന് മോഹന്‍ലാല്‍ ബിസിയായാല്‍ പിന്നെ എപ്പോ ഡേറ്റ് കിട്ടിയെന്ന് പറയാന്‍ പറ്റില്ല. അങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് അവർ എന്റെ അടുത്ത് വരുന്നത്.
അവർ ആദ്യം ഡെന്നീസ് ജോസഫിന്റെ അടുത്താണ് പോയത്. എന്നാല്‍ ഡെന്നീസിന് ഒരു തരത്തിലും എഴുതാന്‍ പറ്റാത്ത സമയം ആയിരുന്നു.
അങ്ങനെയുളള സമയത്താണ് എന്നെ കോണ്ടാക്റ്റ് ചെയ്യുന്നത്. എനിക്ക് ഇതൊന്നും അറിയില്ല. എന്നെ അത്യാവശ്യമായിട്ട് കാണണം എന്ന് പറഞ്ഞിട്ട് ഒരു കളളക്കളി കളിച്ചിട്ടാണ് എന്നെ വിളിപ്പിച്ചത്.
ഞാന്‍ അവിടെ ചെന്നപ്പോ കെ മധുവൊക്കെ അവിടെ ഇരിപ്പുണ്ട്. മധുവിനെ എനിക്ക് നേരത്തേ അറിയാം. ഡെന്നീസ് എന്നോട് കാര്യം പറഞ്ഞു.
എനിക്ക് കമ്മിറ്റ്മെന്റ് ഉളളതിനാല്‍ എനിക്കപ്പോള്‍ എഴുതികൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഞാന്‍ എത്ര ശ്രമിച്ചാലും ഈ പറയുന്ന ഡേറ്റിന് എഴുതികൊടുക്കാന്‍ കഴിയില്ല.
അപ്പോ സ്വാമി എന്നെ ഒന്ന് ഹെല്‍പ്പ് ചെയ്യണം. അവര്‍ക്ക് ആവശ്യം രാജാവിന്റെ മകന് ടൈപ്പ് കഥയാണ്. അപ്പോ ഞാന്‍ പറഞ്ഞു, അത് എഴുതാന്‍ നിനക്കല്ലേ കഴിയുക.
എനിക്ക് പറ്റില്ലല്ലോ. അങ്ങനെ പറയരുത് എന്ന് പറഞ്ഞ് എന്നെ കുറേ നിര്‍ബന്ധിച്ചു. ശരിക്ക് പറഞ്ഞാല്‍ ബ്ലാക്ക്മെയില്‍ ചെയ്ത് സമ്മതിപ്പിച്ചു എഴുതണമെന്ന്.
എനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ല. എന്റെ മനസില്‍ ഇങ്ങനെയുളള ചിന്തകള്‍ ഉണ്ടാവാത്തതുകൊണ്ട് എനിക്ക് ഇതിന്റെ സ്കോപ്പ് അറിയില്ല.
അതുകൊണ്ട് ഞാന്‍ ഒരു കമ്മിറ്റ്മെന്റും ചെയ്യില്ല. എന്നാലും ഞാന്‍ സത്യസന്ധമായി ചിന്തിക്കാം. എനിക്ക് ഒരു ഏഴ് ദിവസത്തെ സമയം തരണം.
എന്റെ മനസില്‍ എന്തെങ്കിലും പോസിറ്റീവായ തോന്നലുണ്ടായാല്‍ ഞാന്‍ പറയാം.
അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ മനസില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ത്രെഡ് വന്നു. അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത്. അഭിമുഖത്തില്‍ എസ്.എന്‍. സ്വാമി പറഞ്ഞു. -പിജി