പത്തനംതിട്ട: സ്കൂൾ വിപണി സജീവമായതോടെ വില നിയന്ത്രിക്കാൻ സഹകരണ വകുപ്പും കണ്‍സ്യൂമർഫെഡും രംഗത്ത്. സ്കൂൾ ബാഗുകൾ, കുടകൾ, നോട്ട്ബുക്കുകൾ തുടങ്ങിയവയുടെ വില പൊതുവിപണിയിൽ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണസ്ഥാപനങ്ങളുടെ സ്കൂൾ വിപണികൾ.കണ്‍സ്യൂമർഫെഡും പത്തനംതിട്ട ടീച്ചേഴ്സ് ആൻഡ് റിട്ടയേഡ് ടീച്ചേഴ്സ് സഹകരണസംഘവും ചേർന്ന് അബാൻ ജംഗ്ഷനിലെ ബഥേൽ ടവറിൽ സ്കൂൾ മാർക്കറ്റ് ആരംഭിച്ചു.
ബാഗുകൾ, കുടകൾ, മഴക്കോട്ടുകൾ, സ്കൂൾ സ്റ്റേഷനറി സാധനങ്ങൾ എന്നിവ ലഭ്യമാണ്. അഞ്ചു മുതൽ 50 ശതമാനംവരെ വിലക്കുറവുണ്ടാകും. നിർധന വിദ്യാർഥികൾക്കായി ബാഗുകളും കുടകളും സ്പോണ്സർ ചെയ്യുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക വിലക്കിഴിവും ലഭ്യമാകും.ജില്ലാ സ്കൂൾ മാർക്കറ്റിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ എം.ജി. പ്രമീള നിർവഹിച്ചു.
ടീച്ചേഴ്സ് ആൻഡ് റിട്ടയേഡ് ടീച്ചേഴ്സ് സഹകരണ സംഘം പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമർഫെഡ് റീജിയണൽ മാനേജർ ബിന്ദു പി.നായർ ആദ്യ വില്പന നിർവഹിച്ചു. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എം.പി. ഹിരണ്‍, കണ്‍സ്യൂമർഫെഡ് അസിസ്റ്റന്റ് റീജിയണൽ മാനേജർ പി.എസ്. സുരേഷ്, ടീച്ചേഴ്സ് സഹകരണസംഘം ഭരണസമിതിയംഗങ്ങളായ ജേക്കബ് ടി. മാമ്മൻ, കെ. ഹരികുമാർ, സെക്രട്ടറി ആര്യ അരവിന്ദ് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട: ഗവണ്മെന്റ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ സമത സഹകരണ സൂപ്പർ മാർക്കറ്റിൽ സ്കൂൾ, കോളജ് കുട്ടികൾക്കായി പ്രത്യേക വിപണനമേള ആരംഭിച്ചു. കുറഞ്ഞനിരക്കിൽ സ്കൂൾ ബാഗുകൾ, പഠനോപകരണങ്ങൾ എന്നിവ ലഭ്യമാകും.
സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ എം.ജി. പ്രമീള ഉദ്ഘാടനം നിർവഹിച്ചു. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം.പി. ഹിരണ്‍ ആദ്യവില്പന നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എസ്. ലക്ഷ്മിദേവ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അജിത്ത്, സെക്രട്ടറി കെ. അനിൽ, ഡി. സുഗതൻ, സനൽ കുമാർ, ശ്രീലത ആർ. നായർ, എം.ഡി. വത്സല എന്നിവർ പ്രസംഗിച്ചു.