നാദാപുരം: വിലങ്ങാട് ആലിമൂലയില്‍ ഊരുള്പൊട്ടലില് വീട് നഷ്ടപ്പെട്ട സഹപാഠിക്ക് വീട് നിര്‍മിക്കാന്‍ ഓണപ്പൊട്ടന് വേഷം കെട്ടി എസ്എഫ്ഐ വിദ്യാര്‍ഥികള്‍ പണം സ്വരൂപിച്ചു.വെളളിയോട് ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയായ വിനീതിനാണ് ആഗസ്ത് എട്ടിന് രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടമായത്.
രോഗ ബാധിതരായ നിര്‍ധന കുടുംബത്തിന് കിടന്നുറങ്ങാന്‍ ഇടമില്ലാതെ വന്നതോടെ വെളളിയോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ച് കൊടുക്കാന്‍ സംഘാടക സമിതി രൂപീകരിച്ചിരുന്നു. വെളളിയോട് എസ്എഫ്ഐ യൂണിറ്റ് പ്രവര്‍ത്തകര്‍ തങ്ങളാല്‍ കഴിയുന്ന വിധം സഹപാഠിയെ സഹായിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒന്നാം ഓണത്തിനും രണ്ടാം ഓണത്തിനും ഓണപ്പൊട്ടന് വേഷം കെട്ടി വീടുകള്‍ കയറി പണം സ്വരൂപിച്ചത്.
രണ്ട് ദിവസങ്ങളിലായി വിദ്യാർഥികളായ അതുല്‍,ആദര്‍ശ് അഭിജിഷ്ണു,ജിഷ്ണു എന്നിവരടങ്ങുന്ന നാലുപേരാണ് വേഷം കെട്ടിയത്.പരപ്പുപാറ മുതല്‍ പുതുക്കയം വരെയുളള ഭാഗങ്ങളിലെ വീടുകളില്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് വീടുകളില്‍ സന്ദര്‍ശനം നടത്തിയത്.
ഇവര്‍ക്ക് ഓണപ്പൊട്ടന് വേഷം കെട്ടി ലഭിച്ച തുക യൂണിറ്റ് സെക്രട്ടറി അതുല്‍ സ്കൂള്‍ പ്രിന്‍സിപ്പാൾ മനോജിന് കൈമാറി.യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭി ജിഷ്ണു, ജിഷ്ണു, അര്ജുന്,അമല്‍,അനിരുദ്ധ്,ആദര്‍ശ് എന്നിവര്‍ സംബന്ധിച്ചു.