ന്യൂഡൽഹി: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സഹാറ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പൂനയിലെ ആംബി വാലി പ്രോപ്പർട്ടി പിടിച്ചെടുക്കാൻ സുപ്രീം കോടതി ഉത്തരവ്. സഹാറ ഗ്രൂപ്പിൽ 14,000 കോടി രൂപ നിക്ഷേപിച്ചയാളുടെ തുക തിരിച്ചു പിടിക്കുന്നതിനായാണ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
24,000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതിൽ പലിശയടക്കം 36,000 കോടി രൂപ പിടിച്ചെടുക്കണമെന്നാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കോടതിയെ അറിയിച്ചത്.തട്ടിപ്പിനിരയായവർക്കുള്ള പണം തിരികെ നൽകുന്നതിനായി സഹാറ ഗ്രൂപ്പിൽ നിന്നു പിടിച്ചെടുക്കേണ്ട വസ്തുവകകളുടെ വിവരങ്ങൾ കൈമാറാൻ സുപ്രീം കോടതി നേരത്തെ സെബിക്കു നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൂനയിലെ സുപ്രധാന റിയൽ എസ്റ്റേറ്റ് സംരംഭമായ ആംബി വാലിയുടെ പേരാണ് പട്ടികയുടെ ആദ്യ പേരായി സെബി നിർദേശിച്ചത്. 39,000 കോടി രൂപ വിലമതിപ്പുള്ള ആംബി വാലിക്കൊപ്പം ലേലത്തിനു വയ്ക്കാനുള്ള മറ്റ് വസ്തുവകകളുടെ വിവരങ്ങൾ കൂടി കൈമാറാൻ കോടതി സഹാറ ഗ്രൂപ്പിനു നിർദേശം നൽകി.
എന്നാൽ, ആംബി വാലിയുടെ ലേലത്തിലൂടെ തിരികെ നൽകാനുള്ള മുഴുവൻ തുകയും ലഭ്യമാകുമെന്ന് സഹാറ ഗ്രൂപ്പ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മുഴുവൻ തുകയും ലഭ്യമാകുന്നതു വരെയുള്ള നടപടികൾക്കു വേണ്ടി ഓരോ തവണയും കോടതി ചേരാനാകില്ലെന്നു വ്യക്തമാക്കി.
ഇതേ തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ വസ്തുവകകളുടെ വിവരങ്ങൾ കൈമാറാമെന്നു സഹാറ ഗ്രൂപ്പിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. ഫെബ്രുവരി 27നു വീണ്ടും കേസ് പരിഗണിക്കും. അതേസമയം, കേസിൽ അറസ്റ്റിലായ സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയി, പരോൾ നീട്ടുന്നതിനായി കോടതി നിർദേശിച്ച 600 കോടി രൂപ സെബിയിൽ കെട്ടിവച്ചെന്നു അറിയിച്ചു.