ലോകത്തിലെ ഏറ്റവും ചൂടേറിയ മരുഭൂമികളിലൊന്നാണ് സഹാറാ മരുഭൂമി. എന്നാൽ ഈക്കഴിഞ്ഞ ദിവസങ്ങളിൽ സഹാറാ അത്ര ചൂടിലായിരുന്നില്ല. പകരം തണുത്തുറഞ്ഞു.
അതെ, കേൾക്കുന്പോൾ ആശ്ചര്യമായി തോന്നുമെങ്കിലും അതായിരുന്നു യാഥാർഥ്യം. സഹാറാ മരുഭൂമി മഞ്ഞിൽ പുതഞ്ഞ് കിടന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരതയെക്കുറിച്ച് പരിസ്ഥിതി, കാലാവസ്ഥാ ശാസ്ത്രജ്ഞർ കുറേ നാളുകളായി മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അതു മറികടക്കാനുള്ള ശ്രമങ്ങൾ പരിമിതമായിരുന്നു.
ഭൂമിയിലെ ചൂട് കൂടിയതോടെ അന്റാർട്ടിക്കയിലെ വൻ മഞ്ഞുമലകൾ ഉരുകുന്നതിനെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം വന്നു.
അതിനിടെ ഈ മഞ്ഞുകാലത്ത് പല രാജ്യങ്ങളിലും മഞ്ഞുവീഴ്ച ശക്തമായി. സ്പെയിനിൽ കഴിഞ്ഞ ദിവസങ്ങളിൽ -25 ഡിഗ്രിയായിരുന്നു തണുപ്പ്. 21 ഇഞ്ച് കനത്തിലാണ് സ്പെയിനിലെ പല സ്ഥലങ്ങളിലും മഞ്ഞ് വീണത്.
ഏറ്റവും ഒടുവിലായി സഹാറാ മരുഭൂമിയും മഞ്ഞിൽ പുതഞ്ഞു. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ തബുക്കിൽ ഇത്തവണ കനത്ത മഞ്ഞ് വീഴ്ചയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
ഭൂമിയുടെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ പ്രദേശങ്ങളിൽ ഒന്നായി അറിയപ്പെടുന്ന സഹാറ മരുഭൂമി, വടക്കേ ആഫ്രിക്കയുടെ വലിയൊരു ഭാഗത്തെ ഉൾക്കൊള്ളുന്നു. കൂടാതെ ഇത് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ചില ഭാഗങ്ങളിലേക്ക് വരെ വ്യാപിച്ച് കിടക്കുന്നു.
മരുഭൂമിയിലെ, അതും സഹാറാ മരുഭൂമിയിലെ മഞ്ഞു വീഴ്ച ശാസ്ത്രലോകത്തിലും ഏറെ കൗതുകം നിറച്ചു.
വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടുന്ന ഒരു പ്രദേശം ഏങ്ങനെ പെട്ടെന്ന് മഞ്ഞുമൂടിയെന്നതിന് കൃത്യമായൊരു ഉത്തരം തരാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല.
ഇത്തരമൊരു കാലാവസ്ഥാ വ്യതിയാനം സാധ്യമല്ലെന്നായിരുന്നു മുതിർന്ന കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെട്ടത്.
മേരിലാൻഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ സുമാന്ത് നിഗം അഭിപ്രായപ്പെട്ടത് ഈ പ്രതിഭാസം ലോകത്തിലെ മറ്റ് മരുഭൂമികളിലും ഉടൻ തന്നെ സ്വാധീനം ചെലുത്തുമെന്നാണ്.
തണുത്ത, വടക്കുകിഴക്കൻ കാറ്റിന്റെ തുടക്കം മൂലമാണ് യുഎഇയിലെ തണുത്ത കാലാവസ്ഥയെന്ന് എൻസിഎമ്മിലെ ഒരു നിരീക്ഷകൻ വിശദീകരിച്ചു.
ഇത് ലാൻഡ്മാസിന് മുകളിലൂടെ താഴ്ന്ന മർദം സൃഷ്ടിക്കുന്നതിന്റെ ഫലമായി സംഭവിക്കുന്നതാകാമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
കാലാവസ്ഥയിലെ വ്യതിയാനത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഇംഗ്ലണ്ട് , വെയിൽസ് പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.
സഹാറാ മരുഭൂമിയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന അൾജീരിയൻ പട്ടണമായ ഐൻ സെഫ്രയിൽ 36 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ഈ കാലാവസ്ഥ വരും വർഷങ്ങളിലും തുടരുകയാണെങ്കിൽ സഹാറാ മരുഭൂമി അടുത്ത 15,000 വർഷത്തിനുള്ളിൽ വീണ്ടും പച്ചയായി മാറുമെന്ന് അവകാശപ്പെടുന്നവരും കുറവല്ല.