കൊച്ചി: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ അപകടമോ അസ്വാഭാവിക മരണമോ സംഭവിക്കുന്ന സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. കഴിഞ്ഞ ആറിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയത്. നിലവില്‍ സഹായം നല്‍കുന്നതിന് ഏകീകൃതമായ പൊതുമാനദണ്ഡമില്ലായിരുന്നു.
ഡ്യൂട്ടിക്കിടയില്‍ അസ്വാഭാവിക മരണം സംഭവിക്കുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിലവില്‍ ലഭ്യമാകുന്ന ഡത്ത് റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി, കുടുംബപെന്ഷന്, പങ്കാളിത്ത പെന്ഷന്, ടെര്‍മിനല്‍ സറണ്ടര്‍, ചികിത്സാ ധനസഹായം, എക്സ്ഗ്രേഷ്യ ധനസഹായം എന്നിവ പഴയതുപോലെ തന്നെ ലഭിക്കുമെന്നും ഉത്തരവിലുണ്ട്.
ജോലിക്കിടയിലും ഡ്യൂട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലുണ്ടാകുന്നതുമായ മരണങ്ങളെയാണ് ഡ്യൂട്ടിക്കിടയിലുള്ള അസ്വാഭാവിക മരണമായി പരിഗണിക്കുക. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഓഫീസിലേക്കും വരുമ്പോഴും തിരിച്ചുപോകുമ്പോഴും സംഭവിക്കുന്ന മരണത്തിനും നഷ്ടപരിഹാരം ലഭിക്കും. ഓഫീസ് ആവശ്യങ്ങള്‍ക്കായി നടത്തുന്ന ടൂറിലാണ് അപകടമരണമെങ്കിലും ഉത്തരവിന്റെ ഗുണഫലം ലഭിക്കും.
ഡ്യൂട്ടിക്കിടയില്‍ ഷോക്കേറ്റും നിര്മാണപ്രവര്ത്തനങ്ങള്ക്കിടയിലും, കുറ്റവാളികളെ പിടികൂടുന്നതിനിടയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലും വന്യജീവി ആക്രമണത്തിനിടയിലും സംഭവിക്കുന്ന മരണങ്ങളും ഉത്തരവിന്റെ പരിധിയില്‍വരും. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഓഫീസിലോ, വളപ്പിലോ, ഓഫീസ് ആവശ്യങ്ങള്‍ക്കായി നടത്തുന്ന യാത്രകള്ക്കിടയിലോ, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നടത്തുന്ന ടൂറുകളിലോ അപകടം പിണഞ്ഞ് പരുക്കേറ്റാലും സഹായം ലഭിക്കും. പകര്‍ച്ചവ്യാധി ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ അതേ രോഗം ബാധിച്ച് മരിച്ചാലും സഹായം കിട്ടും.
അതേസമയം അപകടത്തില്‍പ്പെടുന്ന ജീവനക്കാര്‍ ചികിത്സയ്ക്കായി മെഡിസെപ്പില്‍ നിന്ന് പരിരക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേക സഹായപദ്ധതിയില്നിന്ന് ചികിത്സാ ധനസഹായം ലഭിക്കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. അപകട ഇന്‍ഷുറന്‍സ് പദ്ധതി, ജീവന് രക്ഷാ പദ്ധതി എന്നിങ്ങനെ ആനുകൂല്യം ലഭിക്കാത്ത കേസുകളില്‍ മരണപ്പെട്ട ജീവനക്കാരുടെ അനന്തരാവകാശികള്‍ക്ക് എക്സ്ഗ്രേഷ്യാ ധനസഹായമായി വ്യവസ്ഥകള്‍ പ്രകാരം 10 ലക്ഷം രൂപയും സ്ഥിരമായ അംഗവൈകല്യത്തിന് അഞ്ചുലക്ഷവും 60 ശതമാനത്തിനു മുകളിലുള്ള വൈകല്യത്തിന് നാലു ലക്ഷം രൂപയും, 40 ശതമാനത്തിനു മുകളിലുള്ളവയ്ക്ക് രണ്ടരലക്ഷവും ധനസഹായം ലഭിക്കും.
സ്വന്തം ലേഖിക