നാദാപുരം: ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചുഴലിയിലെ ആറു വയസുകാരൻ ഋതുദേവിന് ചികിത്സാ സഹായവുമായി ഇതര സംസ്ഥാന തൊഴിലാളികൾ. വളയം മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ ചെയ്തു വരുന്ന തൊഴിലാളികളാണ് ഋതുദേവ് ചികിത്സാ സഹായ ഫണ്ടിലേക്ക് അയ്യായിരം രൂപ സംഭാവന ചെയ്തത്.
കഴിഞ്ഞ ദിവസം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തുവച്ച് തദ്ദേശിയരായ ജോലിക്കാർ ഋതുദേവിന്റെ രോഗത്തിന്റെ കാര്യം ഇവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് സഹായിക്കാൻ തത്പരരായി ഇവർ മുന്നാട്ടുവരികയായിരുന്നു.
കുറുവന്തേരി മട്ടാമ്മലിൽ താമസിക്കുന്ന പതിനെട്ടോളം തൊഴിലാളികൾ തങ്ങളുടെ സമ്പാദ്യത്തിൽനിന്ന് പണം സ്വരൂപിച്ച് മേസ്തിരി ആർ.പി. ബാലന് കൈമാറുകയായിരുന്നു.