കോട്ടയം: ദുരിതാശ്വാസ ക്യാന്പുകളിൽ എത്താത്തവർക്കും ധനസഹായം ലഭ്യമാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുന്നില്ലെന്ന് ആരോപണം. ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കുന്നില്ല. ദുരിതാശ്വാസ ക്യാന്പുകളിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുകയുള്ളുവെന്നാണ് അപേക്ഷ നല്കാൻ എത്തുന്നവരോട് റവന്യു ഉദ്യോഗസ്ഥർ പറയുന്നത്.
ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞവർക്ക് മാത്രമായി ധനസഹായം വെട്ടിച്ചുരുക്കാനാണ് നീക്കം. 10 ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാന്പുകളിൽ എത്തിയത്. അത്രയും തന്നെ ആളുകൾ വെള്ളത്തിന്റെ ദുരിതം അനുഭവിച്ച് ബന്ധുവീടുകളിലും അയൽ വീടുകളിലും അഭയം തേടിയിരുന്നു. ഇവർക്കാണ് ഇപ്പോൾ ആനൂകൂല്യം നിഷേധിക്കുന്നത്.
സർക്കാർ ധനസഹായം ദുരിതാശ്വാസ ക്യാന്പുകളിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമായി പരിമിതപ്പെടുത്തരുതെന്ന് കെടിയുസി-എം സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാല, ജനറൽ സെക്രട്ടറി സാനിച്ചൻ മൂഴയിൽ എന്നിവർ ആവശ്യപ്പെട്ടു.
ക്യാന്പിൽ എത്തിയില്ല എന്ന കാരണത്താൽ സഹായധനം നിഷേധിക്കുന്നത് ശരിയല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. പ്രളയ ജലത്തിന്റെ കെടുതി അനുഭവിച്ച മുഴുവൻ ആളുകൾക്കും സഹായം അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.