കോഴഞ്ചേരി: പ്രളയത്തിൽ സർവതും നശിച്ച ഭിന്ന ശേഷിക്കാരായ രണ്ട് മക്കളുമായി കഴിയുന്ന സാധു കുടുംബത്തിന് സഹായവുമായി സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും സംഘടനകളും. പുല്ലാട് കിടങ്ങിൽ അഖിൽ നിവാസിൽ ബിനോജി, ഭാര്യ സോമവല്ലി, രോഗാതുരരായ അഖിൽ എന്നിവർക്ക് സഹായ ഹസ്തം നീളുന്നത്.
വൈസ് മെൻസ് ക്ലബ്, തിരുവിതാംകൂർ വികസന സമതി ഭാരവാഹികൾ ഇന്നലെ ഇവരെ സന്ദർശിച്ചു അവശ്യ സാധനങ്ങൾ നൽകി. നിരവധി പേര് വിവരങ്ങൾ ആരായുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂർ വികസന സമിതി ചെയർമാൻ പി.എസ്.നായർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ എന്നിവർ കുടുംബത്തെ സന്ദർശിച്ചു മരുന്നുകളും അവശ്യ സാധനങ്ങളും നൽകി.
കോയിപ്രം ഗ്രാമ പഞ്ചായത് പ്രസിഡന്റ് മോൻസി കിഴക്കേടത്ത് കട്ടിൽ നൽകി. വീട്ടിലേക്ക് ആവശ്യമായ പാത്രങ്ങൾ അയിരൂർ, കൊറ്റനാട് വൈസ് മെൻസ് ക്ലബുകൾ സമ്മാനിച്ചു. കിടക്കകൾ, കിടക്ക വിരികൾ, വസ്ത്രങ്ങൾ എന്നിവയും നൽകി. ജില്ലാ കളക്ടർ വീട്ടിലെത്തി കുട്ടികളുടെ ആരോഗ്യ സ്ഥിതി അന്വേഷിക്കുകയും തുടർ ചികിത്സക്ക് വേണ്ട സംവിധാനം ഒരുക്കാമെന്ന് അറിയിച്ചതായും സോമവല്ലി പറഞ്ഞു.
ഒന്പത് ദിവസം വെള്ളം കയറി കിടന്ന വീട്ടിൽ രണ്ടാഴ്ച കഴിഞ്ഞു മടങ്ങി എത്തുമ്പോൾ ജീവിതത്തിൽ ഉണ്ടാക്കിയതെല്ലാം നഷ്ടമായിരുന്നു. പുഞ്ചയോട് ചേർന്നുള്ള വീട്ടിലേക്ക് വെള്ളം ഇരച്ച് കയറി. വൈദ്യുത ഉപകരണങ്ങൾ, പാത്രങ്ങൾ, കിടക്ക, കസേരകൾ, ആധാരമടക്കമുള്ള രേഖകൾ എല്ലാം പ്രളയം കവർന്നെടുത്തു.
കുട്ടികൾ വരച്ചതും നിധി പോലെ കാത്തു സൂക്ഷിച്ചതുമായ ചിത്ര ശേഖരവും ട്രോഫികൾ അടക്കമുള്ള സമ്മാനങ്ങളും നഷ്ടമായി. വീടിനെ പൂർവ സ്ഥിതിയിലാക്കാനും കുട്ടികളുടെ തുടർ ചികിത്സക്കും വൻ തുക വേണ്ടി വരും. ഇതിനായി കാര്യമായ സഹായങ്ങൾ സർക്കാരിന്റെയും മറ്റുള്ളവരുടെയും ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്.