ചിങ്ങവനം: ജീവൻ രക്ഷാനിധി ശേഖരണത്തിനായി പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാകെ മാർച്ച് നാലിന് രംഗത്തിറങ്ങും. പഞ്ചായത്തിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നവരെ സാന്പത്തികമായി സഹായിക്കുന്നതിനാണ് നിധി ശേഖരണം. ബസേലിയോസ് പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവ പദ്ധതി ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ആർ സുനിൽകുമാർ കാതോലിക്ക ബാവയിൽ നിന്ന് ആദ്യ തുക ഏറ്റുവാങ്ങി.
പഞ്ചായത്തംഗങ്ങളായ റോയി മാത്യു, പുന്നൂസ് തോമസ്, ഡോ. ലിജി വിജയകുമാർ, ജനറൽ കണ്‍വീനർ ജോസഫ് അലക്സാണ്ടർ, പ്രത്യാശ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി എന്നിവർ സന്നിഹിതരായി.അൻപത് ലക്ഷം രൂപ സമാഹരിക്കുന്നതിനായി ലക്ഷ്യമിട്ടാണ് ഫണ്ട്് ശേഖരണം നടത്തുന്നത്.
ചാന്നാനിക്കാട് കാർത്തികയിൽ ശിവൻകുട്ടി(39)ക്കാണ് ആദ്യവിഹിതം നൽകുന്നത്. രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ നിർധന കുടുംബാംഗമായ ശിവൻകുട്ടിക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. അമ്മയാണ് ശിവൻകുട്ടിക്ക് വൃക്ക നൽകുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവയക്കൽ ശസ്ത്രക്രിയ നടത്തും.
ഇതിനായി പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ചങ്ങനാശേരി പ്രത്യാശ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് നിധി ശേഖരിക്കുന്നത്. പ്രത്യാശഫൗണ്ടേഷൻ നേതൃത്വം നൽകുന്ന 98-ാമതു ഫണ്ട് ശേഖരണമാണിതെന്ന് ഡയറക്ടർ ഫാ .സെബാസ്്റ്റ്യൻ പുന്നശേരി പറഞ്ഞു.
മാർച്ച് നാലിന് ഞായറാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ പഞ്ചായത്തിലെ എല്ലാവീടുകളും വിവിധ സ്ക്വാഡുകൾ സന്ദർശിച്ച് ഫണ്ട് ശേഖരണം നടത്തും. ഇതിനായി പഞ്ചായത്ത്- വാർഡ് അടിസ്ഥാനത്തിൽ കണ്‍വൻഷനുകൾ ചേർന്ന് നൂറു വീടിന് ഒന്ന് എന്ന നിലയിൽ 115 സ്ക്വാഡുകൾക്ക് രൂപം നൽകി.