കൂത്തുപറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് ദുരിതാവസ്ഥയിൽ കഴിയുന്ന യുവാവിന് സഹായവുമായി വാട്ട്സ്ആപ്പ് കൂട്ടായ്മ.പെരളശേരി എക്കാൽ ഹൗസിൽ അഷ്ഫാദിന്റെ (22) ചികിത്സയ്ക്കാണ് തലശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ന്യൂ ജനറേഷൻ കൂട്ടായ്മ പ്രവർത്തകർ എത്തിയത്. 2016 ഏപ്രിൽ 27ന് രാത്രി കാടാച്ചിറ രജിസ്ട്രാർ ഓഫീസിനു സമീപം കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് ഫുട്ബോൾ കളിക്കാരൻ കൂടിയായ അഷ്ഫാദിന്റെ നട്ടെല്ലിന് പരിക്കേറ്റത്.
പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയിലായ അഷ്ഫാദിന് ഇപ്പോൾ വെല്ലൂരിലാണ് ചികിത്സ. നിർധനകുടുംബാംഗമായ അഷ്ഫാദിന്റെ ചികിത്സയ്ക്ക് ഇതിനകം പത്ത് ലക്ഷത്തിലേറെ രൂപ ചെലവായതായി പിതാവ് അസീസ് പറഞ്ഞു.ജോലിക്കിടെ മരത്തിൻ നിന്ന് വീണ് കാലിന് ഓപ്പറേഷൻ നടത്തേണ്ടി വന്ന അസീസിന് ഇപ്പോൾ ജോലിക്കു പോകാനുമാവുന്നില്ല. ഇവരുടെ ദുരിതാവസ്ഥ അറിഞ്ഞാണ് ന്യൂ ജനറേഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ധനസഹായവുമായി എത്തിയത്.
ആദ്യ ഗഡുവെന്ന നിലയിൽ അമ്പതിനായിരം രൂപയാണ് ഇവർ നല്കിയത്.തുടർന്നും സാമ്പത്തിക സഹായം നല്കാനെത്തുമെന്നും ഇവർ പറഞ്ഞു. വാട്ട്സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തകരായ നാസർ ജിൻസ, ടി.സി.അബ്ദുൾ ഖിലാബ്, ബഷീർ റബ്സ്, സനീഷ്, രാമദാസ്, ഒ.പി. നൗഷാദ് എന്നിവരാണ് അഷ്ഫാദിന്റെ വീട്ടിലെത്തി സഹായം കൈമാറിയത്.