കോട്ടയം: നഗരത്തില്‍ രാത്രി ഒറ്റപ്പെട്ടുപോയാല്‍ ഇനി ഭയക്കേണ്ട. സ്ത്രീകള്‍ക്കു സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്തും പോലീസും ചേര്‍ന്ന് ഒരുക്കുന്ന സഹയാത്രിക പദ്ധതിക്കു തുടക്കമായി.
ഇനി മുതല്‍ തെരഞ്ഞെടുത്ത ഓട്ടോറിക്ഷകളുടെ സേവനം ഇവര്‍ക്കു ലഭിക്കും. നാഗമ്പടം ബസ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി സ്റ്റാന്റ് , റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളില്‍ വലിയ ബോര്‍ഡില്‍ പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷകളുടെയും ഡ്രൈവര്‍മാരുടെയും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും.
നിലവില്‍ പദ്ധതിയുടെ ഭാഗമായി 32 ഓട്ടോറിക്ഷകളാണ് സര്‍വീസ് നടത്തുന്നത്. പോലീസിന്റെ പ്രത്യേക പരിശോധന നടത്തി ആര്‍ക്കും മോശം പശ്ചാത്തലമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ഇതിനായി ഡ്രൈവര്‍മാരെ തെരഞ്ഞെടുത്തത്.
തുടര്‍ന്ന് പരിശീലനവും നല്കി. ഓട്ടോറിക്ഷയുടെ അകത്തും ഇവരുടെ വിവരവും അടിയന്തര സഹായം ആവശ്യമെങ്കില്‍ ബന്ധപ്പെടേണ്ട പോലീസിന്റെ ടോള്‍ ഫ്രീ നമ്പരും അടങ്ങിയ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്.
ഡ്രൈവര്‍മാര്‍ക്ക് ഐഡി കാര്‍ഡുമുണ്ട്. രാത്രിയില്‍ എപ്പോള്‍ വേണമെങ്കിലും യാത്രയ്ക്കായി ഇവരെ വിളിക്കാം. യാത്ര ആരംഭിക്കുന്നതിനു മുമ്പ് വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യാത്രക്കാര്‍ക്ക് അവരുടെ മൊബൈലുകളില്‍ ഫോട്ടോ എടുത്തു സൂക്ഷിക്കാം.
പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, പോലീസ് ചീഫ് കെ.കാര്‍ത്തിക്, ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി.എം. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.