ഒരേ രീതിയില്‍ വിദ്യാഭ്യാസം ലഭിച്ചവര്‍ രണ്ട് വ്യത്യസ്ത സ്വഭാവക്കാരാകുന്നത് ആദ്യമല്ല. ഹിസ്ബുള്‍ തലവന്‍ ബുര്‍ഹാന്‍ വാനിയും സഹീറ അഹമ്മദ് എന്ന പെണ്‍കുട്ടിയും പഠിച്ചത് ഒരേ സ്കൂളിലാണ്. പക്ഷേ പുസ്തകങ്ങള്‍ താഴെവെച്ച് ബുര്‍ഹാന്‍ ആയുധങ്ങള്‍ കൈയിലേന്തി മരണത്തിന്റെ വഴി സ്വയം തിരഞ്ഞെടുത്തു. സഹീറയാവട്ടെ പുസ്തകങ്ങളെ സുഹൃത്തുക്കളാക്കി ഹൃദയത്തോടു ചേര്‍ത്തുവെയ്ക്കുകയും ചെയ്തു. ഒരേ വിദ്യാലയങ്ങളില്‍ രണ്ടു കാലഘട്ടത്തില്‍ പഠിച്ച രണ്ടു വിദ്യാര്‍ഥികളെ വിധി നടത്തിയത് രണ്ടു വ്യത്യസ്തവഴികളിലൂടെയായിരുന്നു.
എന്നാല്‍ ബുര്‍ഹാന്റെ കുപ്രസിദ്ധിയേക്കാള്‍ സഹീറ അഹമ്മദ് എന്ന കൊച്ചുമിടുക്കിയാണ് മാതൃവിദ്യാലയത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. സ്റ്റേറ്റ് ബോര്‍ഡ് എക്സാമിന് 500 ല്‍ 498 മാര്‍ക്ക് വാങ്ങിയാണ് അവള് നാടിന്റെ അഭിമാനതാരമായത്. ഈ വിജയത്തിന് അല്പം മധുരം കൂടുതലാണ്. ഈ അക്കാദമിക് വര്‍ഷത്തില്‍ അഞ്ചുമാസത്തോളം സ്കൂള്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. സെക്യൂരിറ്റി ഫോഴ്സുമായുള്ള ഏറ്റുമുട്ടലില്‍ 2016 ജൂലെയില്‍ ബുര്‍ഹാന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ മൂലം 5 മാസത്തോളം സ്കൂള്‍ അടഞ്ഞുകിടന്ന സാഹചര്യത്തിലാണ് ഈ കൊച്ചുമിടുക്കി വലിയനേട്ടം സ്വന്തമാക്കിയത്.
മികച്ച വിജയം കരസ്ഥമാക്കുക എന്ന ലക്ഷ്യം മാത്രമേ എന്റെ മുന്നിലുണ്ടായിരുന്നുള്ളൂ. തടസ്സങ്ങളൊന്നും എന്റെ ശ്രദ്ധയെ തകര്‍ത്തില്ല. പ്രതിബന്ധങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ് അതിനോട് പൊരുതി ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ ഞാനെന്റെ മനസ്സിനെ പ്രാപ്തമാക്കി. വിജയത്തെക്കുറിച്ച് സഹീറ പറയുന്നു. അവള് ഒരു മിടുക്കിക്കുട്ടിയാണ്. 2014 ല്‍ നടന്ന 10ാംക്ലാസ് പരീക്ഷയില്‍ അവള്‍ക്ക് രണ്ടാം റാങ്കുണ്ടായിരുന്നു. പക്ഷെ മോശം സാഹചര്യങ്ങളെ അവള് എങ്ങനെ അതിജീവിക്കുമെന്ന് ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. എങ്കിലും അവളുടെ സ്വപ്നങ്ങള്‍ക്കൊത്തുയരാന്‍ അവള്‍ക്കു സാധിച്ചു. സഹീറയുടെ അമ്മ തസ്ലീമ പറയുന്നു. സെക്യൂരിറ്റി ഫോഴ്സും ഭീകരവാദികളും തമ്മില്‍ നടക്കുന്ന പൊരിഞ്ഞ പോരാട്ടംമൂലം മിക്കവാറും കാശ്മീരിലെ സ്കൂളുകള്‍ അടഞ്ഞു കിടക്കുകയാണ് പതിവ്. അപ്പോള്‍ ഗ്രാമത്തിലെ കമ്മ്യൂണിറ്റി സ്കൂളിങ്ങാണ് വിദ്യാര്‍ഥികള്‍ക്ക് ഏക ആശ്രയം.