മുക്കം: “അൽഹംദുലില്ലാഹ്, ബഹുത് ശുക്രിയ, യതീംഖാനാ നെ ഹമേം ബചായാ ‘… (ദൈവത്തിന് സ്തുതി,വളരെ വളരെ നന്ദി, യതീംഖാന ഞങ്ങളെ രക്ഷിച്ചു) എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ചതായി മുക്കം ഓർഫനേജിൽ നിന്നും വിവരമറിഞ്ഞപ്പോൾ ബീഹാർ ഭഗത്പൂരിൽ നിന്ന് മുഹമ്മദ് ശാഹിദിന്റെ മറുപടിയായിരുന്നു ഇത് …
ഒന്നാം ക്ലാസ് മുതൽ മുക്കം ഓർഫനേജ് അന്തേവാസിയായ ഈ അനാഥ ബാലനും കുടുംബവും ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ്…
2015-ൽ പഠനം അവസാനിച്ചുവെന്നും ജീവിതം ഇരുളിലേക്കു തള്ളപ്പെട്ടുവെന്നും കരുതിയതാണ്.
വേനൽകാല അവധി കഴിഞ്ഞ് ബീഹാറിൽ നിന്ന് മുക്കം, വെട്ടത്തൂർ ഓർഫനേജുകളിലേക്ക് വരികയായിരുന്ന 455 വിദ്യാർഥികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ചൈൽഡ് വെൽഫെയർ ഉദ്യോഗസ്ഥരുടെ പരാതിയിൽ അറസ്റ്റു ചെയ്തതോടെ ഓർഫനേജ് പ്രതിക്കൂട്ടിലായിരുന്നു.
ഭാരവാഹികളായ 21 പേർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. അടിസ്ഥാന രഹിതമെന്ന് പിന്നീട് എല്ലാവർക്കും ബോധ്യമാവുകയും കുട്ടികൾ രക്ഷപ്പെടുകയുമായിരുന്നു.
അന്നു പോലീസ് കസ്റ്റഡിയിലെടുത്തവരിൽപെട്ട അനാഥ ബാലനാണ് ഇന്നലെ ഫലം പ്രഖ്യാപിച്ച എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മുഹമ്മദ് ശാഹിദ്.
ഉറുദു മാതൃഭാഷയായ വിദ്യാർഥി , മലയാളം പഠിച്ചും എഴുതിയുമാണ് മലയാളി വിദ്യാർഥികളെ കടത്തിവെട്ടിയത്. എസ്എസ്എൽസി വിജയം ജീവിത വിജയം കൂടിയായാണിവർക്ക്.
അനാഥത്വത്തിനു പുറമെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പടുകുഴിയിൽ രക്ഷാമാർഗം കാണാതെ ഉഴലുന്ന ഇത്തരക്കാർക്ക് തുടർ പoനത്തിനും മുക്കം യതീംഖാനയുടെ രക്ഷാകവചമുണ്ടാകും.
കലാപ്രതിഭ കൂടിയായ മുഹമ്മദ് ശാഹിദ് ഉറുദു കവിതയിൽ സംസ്ഥാന സ്കൂൾ കലാമേളയിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.