പയ്യന്നൂര്‍: കാണികളെ ആകാംഷയുടെ മുൾമുനയിലാക്കി സ്വാലിഹയെന്ന പതിനൊന്നുകാരി നീന്തിക്കയറിയതു നാലുകിലോമീറ്റര്‍ ദൂരം. പുതിയങ്ങാടിയിലെ ഏണ്ടിയില് റഫീഖ്-ജാസ്മിന് ദമ്പതികളുടെ മകള്‍ സ്വാലിഹയാണു തന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെ നാല് കിലോമീറ്റര്‍ ദൂരം നീന്തിക്കയറിയത്.
പുതിയ പുഴക്കര പാലത്തിനുസമീപത്തുനിന്നാണ് സ്വാലിഹയുടെ നീന്തല്‍ ആരംഭിച്ചത്.ഒന്നേ മുക്കാല്‍ മണിക്കൂറിനുള്ളില്‍ നാലു കിലോമീറ്ററുകള്‍ക്കപ്പുറത്തെ പാലക്കോട് പാലത്തിനടുത്താണു നീന്തല്‍ സമാപിച്ചത്.
ചാള്‍സന്റെ ശിഷ്യരായ കതിരൂരിലെ വിജയന്, കൂത്തുപറമ്പിലെ ഷമീം, പാപ്പിനിശേരിയിലെ ജാഫര്‍, ചെറുവത്തൂരിലെ ഷാജു എന്നിവരും സ്വാലികയോടൊപ്പം നീന്താനുണ്ടായിരുന്നു. നീന്തലിനു ശേഷം സ്വാലിഹയും കൂട്ടരും വലിയപറമ്പ് പഞ്ചായത്തിലെ പാണ്ടികകടവിലേക്കു കയാക്കിംഗ് തുഴച്ചിലും നടത്തി.
ലോക റെക്കോര്‍ഡ് നേടിയ നീന്തല്‍ പരിശീലകന് ചാള്സണ് ഏഴിമലയുടെ ശിഷ്യയും പഴയങ്ങാടി വാദിഹുദാ പ്രോഗ്രസീവ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ് സ്വാലിഹ. മുമ്പു കവ്വായിക്കായലില്‍ ചാള്സന് സംഘടിപ്പിച്ച സാഹസിക നീന്തലില്‍ പങ്കെടുത്ത് ഒരുകിലോമീറ്റര്‍ ദൂരം സ്വാലിഹ അനായാസം നീന്തിക്കയറിയിരുന്നു.
മുഴപ്പിലങ്ങാട് ബീച്ചില്‍ നടത്തിയ കടലിലെ നീന്തലിലും പങ്കെടുത്തതിന്റെ ആത്മവിശ്വാസത്തിലാണു ദീര്‍ഘദൂര നീന്തല്‍ എന്ന ആഗ്രഹം സ്വാലിഹയില്‍ ഉടലെടുത്തത്. മകളുടെ ആഗ്രഹം പിതാവ് റഫീഖ് ചാള്‍സനെ അറിയിച്ചതിനെത്തുടര്‍ന്നാണു ചാള്സന്റെയും മകന് വില്യംസിന്റെയും മറ്റു ലൈഫ്ഗാര്ഡുകളുടേയും സുരക്ഷിത വലയത്തില്‍ നീന്തലിനുള്ള സൗകര്യമൊരുക്കിയത്.