മലപ്പുറം: കാളികാവ് മരുതത്ത് മുഹമ്മദലിയുടെ മരണം ഒന്നര വർഷത്തിനു ശേഷം കൊലപാതകമാണെന്നു പോലീസ് കണ്ടെത്തി. മുഹമ്മദലിയുടെ ഭാര്യയും കാമുകനും ചേർന്നു മദ്യത്തിൽ വിഷം ചേർത്തു നൽകി കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ മുഖ്യപ്രതി പത്തനംതിട്ട റാന്നി സ്വദേശി ഉന്നക്കാവ് സ്വദേശി ജെയ്മോൻ (37), മുഹമ്മദലിയുടെ ഭാര്യ കാളികാവ് മൂച്ചിക്കൽ മരുത്താത്ത് വീട്ടിൽ ഉമ്മു സാഹിറ(42) എന്നിവരെ അറസ്റ്റ് ചെയ്തു.
കോടതി റിമാൻഡു ചെയ്ത ഉമ്മു സാഹിറയെ രണ്ടു മക്കളോടൊപ്പം റസ്ക്യു ഹോമിൽ താമസിപ്പിച്ചിരിക്കുകയാണ്. ജെയ്മോനെ ഇന്നു കോടതിയിൽ ഹാജരാക്കും.
2018 സെപ്തംബർ 26 നാണ് മുഹമ്മദലിയെ മരുതയിലെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മദലിയും ഭാര്യയും രണ്ടു ആണ്മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്.
നെഞ്ചുവേദനയെ തുടർന്നു മുഹമ്മദലി കുഴഞ്ഞു വീണു മരിച്ചതായാണ് ഉമ്മുസാഹിറ പറഞ്ഞിരുന്നത്. പിറ്റേന്നു മുഹമ്മദലിയുടെ മൃതദേഹം ഖബറടക്കി. എന്നാൽ പിറ്റേന്നു മുതൽ ഉമ്മുസാഹിറയെയും രണ്ടു മക്കളെയും തൊട്ടടുത്ത ക്വാട്ടേഴ്്സിൽ സ്ത്രീയോടൊപ്പം താമിസിച്ചിരുന്ന ജെയ്മോനെയും കാണാതായി.
ഇതോടെ സംശയം തോന്നിയ മുഹമ്മദലിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു പോലീസ് മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതകളൊന്നും കണ്ടെത്തിയില്ല. എന്നാൽ ആന്തരീകാവയവങ്ങളുടെ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിയിരുന്നു.
എട്ടുമാസം മുന്പാണ് ഈ പരിശോധനാ ഫലം പോലീസിനു ലഭിച്ചത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. മുഹമ്മദലിയുടെ മരണത്തിനു ശേഷം നാട്ടിൽ നിന്നു മുങ്ങിയിരുന്ന ജെയ്മേനെയും ഉമ്മു ഹബീബയെയും കണ്ടെത്താൻ മാസങ്ങളായി അന്വേഷണ സംഘം ശ്രമം നടത്തി വരികയായിരുന്നു.
ഇതിനിടെ ജെയ്മോൻ നാട്ടിൽ വന്നു പോകുന്നതായുള്ള രഹസ്യ വിവരം പോലീസിനു ലഭിച്ചു. ഇവർ തമിഴ്നാട്ടിലെ ശിവകാശിയിൽ താമസിക്കുകയാണെന്നും ജെയ്മോൻ അവിടെ ബനിയൻ കന്പനിയിൽ ജോലി ചെയ്യുകയാണെന്നും കണ്ടെത്തി. പോലീസ് ശിവകാശിയിലെത്തി ഉമ്മുസാഹിറയെയും മക്കളെയും കസ്റ്റഡിയിലെടുത്തു.
എന്നാൽ ജെയ്മോനെ കണ്ടത്താനായില്ല. അന്വേഷണത്തിൽ ഇയാളെ ദിണ്ഡിഗലിൽ നിന്നു പോലീസ് അറസ്റ്റ് ചെയ്തു. ഒന്നിച്ചു ജീവിക്കാനായി മുഹമ്മദലിയെ കൊലപ്പെടുത്തുകയായിരുന്നെന്നു പ്രതികൾ പോലീസിനോട് സമ്മതിച്ചു. മുഹമ്മദലിക്കൊപ്പം വീടിന്റെ മുകൾ നിലയിൽ മദ്യപിച്ച ജെയ്മോൻ മദ്യത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു.
എന്തു തരത്തിലുള്ള വിഷമാണ് നൽകിയതെന്നു വ്യക്തമായിട്ടില്ല. കുഴഞ്ഞു വീണ മുഹമ്മദലിയെ ജെയ്മോനും ഉമ്മു ഹീബീബയും ചേർന്ന് താഴത്തെ നിലയിൽ എത്തിച്ചു. തുടർന്നു ജെയ്മോൻ ഇവിടെ നിന്നു പോയി.
രണ്ടു ആണ്മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും അവർ വിവരങ്ങളൊന്നും അറിഞ്ഞില്ല. ഉമ്മുഹബീബ ബന്ധുക്കളെ വിളിച്ചു വരുത്തി. ഡോക്ടറെത്തി പരിശോധിച്ചപ്പോഴേക്കും മുഹമ്മദലി മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്.
പിറ്റേന്ന് മുഹമ്മദാലിയുടെ മരണാനന്തര ചടങ്ങുകളിൽ ജെയ്മോനും പങ്കെടുത്തിരുന്നു. അടുത്ത ദിവസമാണ് ഇവർ കുട്ടികളെയും കൂട്ടി നാട്ടിൽ നിന്നു പോയത്.
ജെയ്മോനെതിരെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും കേസുകൾ നിലനിൽക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. വർഷങ്ങൾക്കു മുന്പ് ഇയാളെ ബലാത്സംഗക്കേസിൽ അങ്കമാലി കോടതി ശിക്ഷിച്ചിരുന്നു.
ഇയാൾ കാളികാവിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. പൊതുപ്രവർത്തകൻ കൂടിയായ ഇയാൾ ഇടുക്കിയിലെ ഒരു കാൻസർ രോഗിയുടെ ചികിൽസയുമായി ബന്ധപ്പെട്ടാണ് മലബാറിലെത്തി സ്ഥിരതാമസമാക്കിയതെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും ജെയ്മോനെതിരെ മറ്റു കേസുകൾ നിലവിലുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്നും എസ്പി. പറഞ്ഞു. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ.വി.അബ്്ദുൾ ഖാദറിനാണ്.