തൃശൂർ: സാഹിത്യകാരൻമാർ പ്രതികരിച്ചില്ലെങ്കിൽ നാടു നശിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ. സാഹിത്യകാരൻമാർ പ്രതികരിക്കണം. കക്ഷിരാഷ്ട്രീയം നോക്കി ജയ് വിളിക്കണം എന്നില്ല. ആപത്തുണ്ടെന്ന് മുന്നറിയിപ്പെങ്കിലും നൽകാൻ സാഹിത്യകാരൻമാർക്ക് സാധിക്കണം. സിദ്ധിയുള്ള സാഹിത്യകാരൻമാർ വെറുതെയിരിക്കരുത്. സാഹിത്യകാരൻമാർ പ്രതികരിച്ചില്ലെങ്കിൽ നശിക്കുന്നത് നാടാണ്. അതുകൊണ്ടാണ് പ്രതികരണത്തിന് വലിയ വിലകൽപിക്കുന്നത് – ബാലൻ പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയുടെ 63-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമി മൂന്നു കേന്ദ്രങ്ങളിൽ സെമിനാർ നടത്തും. പൗരത്വം – ദേശരക്ഷ രൂപീകരണം എന്ന വിഷയത്തിൽ തൃശൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് സെമിനാർ നടത്തുകയെന്ന് ബാലൻ പറഞ്ഞു. ചിയ്യാരത്ത് മൂന്നര ഏക്കർ സ്ഥലത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ സാംസ്കാരിക സമുച്ചയം പണിയുമെന്നും മന്ത്രി അറിയിച്ചു.
സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും സമഗ്രസംഭാവനാപുരസ്കാരങ്ങളും മന്ത്രി എ.കെ.ബാലൻ സമർപ്പിച്ചു. എം.മുകുന്ദൻ, കെ.ജി.ശങ്കരപ്പിള്ള എന്നിവർ വിശിഷ്ടാംഗത്വവും ഡോ. സ്കറിയ സക്കറിയ, ഡോ.ഒ.എം.അനുജൻ, എസ്.രാജശേഖരൻ, മണന്പൂർ രാജൻബാബു, നളിനി ബേക്കൽ എന്നിവർ സമഗ്രസംഭാവനാപുരസ്കാരവും ഏറ്റുവാങ്ങി. അക്കാദമി പ്രസിഡന്റ വൈശാഖൻ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പുമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ മുഖ്യാതിഥിയായി. ഇ.പി.രാജഗോപാലൻ വിശിഷ്ടാംഗങ്ങളെയും ഡോ.മ്യൂസ് മേരി ജോർജ്ജ് സമഗ്രസംഭാവനാപുരസ്കാരജേതാക്കളെയും പരിചയപ്പെടുത്തി.
ഡോ.കെ.പി.മോഹനൻ, ടി.പി.വേണുഗോപാലൻ എന്നിവർ പങ്കെടുത്തു. വൈകീട്ട് മൂന്നിന് എഴുത്തും തുല്യനീതിയും എന്ന സെമിനാർ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. കെ.ജി.ശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിക്കും. സാറാജോസഫ്, കെ.ഇ.എൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.നാളെ രാവിലെ പത്തിന് എഴുത്തും കാഴ്ചപ്പാടും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കന്നഡ നോവലിസ്റ്റ് എസ്.എൽ.ഭൈരപ്പ ഉദ്ഘാടനം ചെയ്യും.
പ്രൊഫ.എം.എം.നാരായണൻ മോഡറേറ്ററായിരിക്കും. പുരസ്കാരജേതാക്കൾ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് എസ്.എൽ.ഭൈരപ്പയുടെ പർവ്വം എന്ന നോവലിന്റെ പ്രകാശനം കെ.ജി.ശങ്കരപ്പിള്ള നിർവ്വഹിക്കും. ബി.എം.സുഹ്റ ഏറ്റുവാങ്ങും. പ്രൊഫ.വി.എൻ.മുരളി, സുധാകരൻ രാമന്തളി, ടി.ഡി.രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
വൈകീട്ട് മൂന്നിന് അക്കാദമി അവാർഡും എൻഡോവ്മെന്റ് അവാർഡുകളും അക്കാദമി പ്രസിഡണ്ട് വൈശാഖൻ സമർപ്പിക്കും. അക്കാദമി വൈസ് പ്രസിഡണ്ട് ഡോ.ഖദീജ മുംതാസ് അധ്യക്ഷത വഹിക്കും. പുരസ്കാരജേതാക്കളെ ആലങ്കോട് ലീലാകൃഷ്ണനും ഡോ.സി.രാവുണ്ണിയും പരിചയപ്പെടുത്തും. പുരസ്കാരജേതാക്കൾ മറുപടിപ്രസംഗം നടത്തും.