പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും, ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ച സായി ഇപ്പോൾ സൂപ്പർ നായികയായി മാറിയിരിക്കുകയാണ്. തമിഴിൽ എ.എൽ. വിജയ് ഒരുക്കുന്ന കരു എന്ന ചിത്രത്തിന്റെ തിരക്കിലാണ് സായി ഇപ്പോൾ. ഇതിനിടെ, ധനുഷിന്റെ നായികയായി സായി എത്തുന്നുവെന്നാണ് കോളിവുഡിൽ നിന്നുള്ള പുതിയ വാർത്ത.
ധനുഷിനെയും കാജൽ അഗർവാളിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ബാലാജി മോഹൻ സംവിധാനം ചെയ്ത് 2015 ൽ റിലീസ് ചെയ്ത ചിത്രമാണ് മാരി. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് സായി നായികയായെത്തുന്നു എന്നാണ് പുതിയ വാർത്ത. സംവിധായകൻ തന്നെയാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായ വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ നായിക ആരാണെന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്താൻ സാധിച്ചിരുന്നില്ല. നായികയ്ക്കായുള്ള തിരച്ചിലിലായിരുന്നു അണിയറപ്രവർത്തകർ. വളരെ അഭിനയ സാധ്യതയുള്ള നായികാ വേഷമാണെന്നും അത്രയും എനർജിയും കഴിവുമുള്ള നായികയെയാണ് തിരഞ്ഞത് എന്നും സംവിധായകൻ പറഞ്ഞു. കഥ കേട്ട് സായി പല്ലവിക്ക് തന്റെ കഥാപാത്രം ഇഷ്ടമായി എന്നാണ് സംവിധായകൻ പറയുന്നത്. ധനുഷിന്റെ വണ്ടർബാർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.
നായികയും റെഡിയായതോടെ നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണു വിവരം. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വളരെ സെലക്ടീവാണ് സായി പല്ലവി. സിനിമയെക്കാൾ നടി പ്രാധാന്യം നൽകുന്നത് തന്റെ മെഡിക്കൽ ഫീൽഡിനാണ്. നൃത്തത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.