പ്രേമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി സായി പല്ലവിയുടെ തെലുങ്ക് ചിത്രം ഫിദ മലയാളത്തിലേക്കു മൊഴിമാറ്റിയെത്തുന്നു. സായിയുടെ തെലുങ്കിലെ ആദ്യ ചിത്രമായിരുന്നു ഫിദ. സായി പല്ലവിയും വരുണ്‍ തേജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണിത്. മലയാളത്തിലൊരുക്കിയ ഫിദയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ചിത്രത്തിൽ ഭാനുമതി എന്ന കഥാപാത്രത്തെയായിരുന്നു സായി അവതരിപ്പിച്ചിരുന്നത്.
തെലുങ്കിൽ വൻവിജയം നേടിയ ഫിദ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുന്പോൾ സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ വിതരണ കന്പനിയായ ആർ ഡി ഇല്യുമിനേഷൻസാണ് തിയറ്ററുകളിലേക്ക് എത്തിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. ഭാനുമതി തന്റെ നാടിനെ ഏറെ സ്നേഹിക്കുന്നവളാണ്. വിവാഹം കഴിഞ്ഞ് നാട്ടിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കാത്ത ഭാനുമതി സഹോദരിയുടെ അനിയനുമായി പ്രണയത്തിലാവുന്നു. അതോടെ അവളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
മലയാളി എന്ന് വിളിച്ചതിന് അടിത്തയിടെ സായി പല്ലവി ദേഷ്യപ്പെട്ടിരുന്നു. ഇതോടെ മലയാളികളും സായിക്കെതിരേ തിരിഞ്ഞിരുന്നു. ഫിദയുടെ പ്രമോഷൻ പരിപാടിക്കിടെ തന്നെ മലയാളിയെന്ന് വിളിക്കരുതെന്ന സായി പല്ലവിയുടെ പ്രസ്താവന വൻ വിവാദമായിരുന്നു. മാധ്യമ പ്രവർത്തകരോടായിരുന്നു സായിയുടെ ഈ പ്രതികരണം. ഞാൻ മലയാളിയല്ല. ഞാൻ തമിഴ്നാട്ടിലെ കോയന്പത്തൂരിലാണ് ജനിച്ചത്. അതിനാൽ എന്നെ മലയാളിയെന്ന് വിളിക്കരുത്. തന്നെ തമിഴ് പെണ്‍കുട്ടിയെന്ന് വിളിക്കണമെന്നും സായി പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഫിദ മലയാളത്തിലെത്താൻ പോകുന്നത്.