എന്റെ രണ്ടു മക്കളോടും ഭാവിയില്‍ ആരാകണം എന്നു ഞാന്‍ ഇന്നുവരെ ചോദിച്ചിട്ടില്ല. ഇനിയൊട്ടു ചോദിക്കുകയുമില്ല. കാരണം, സിനിമാ നടനാകണം എന്ന ആഗ്രഹം ചെറുപ്പത്തില്‍ ഞാന്‍ മൂന്നാലു പേരോടു പറഞ്ഞു പോയി.
അതിന്റെ ഭവിഷ്യത്തു മാരകമായിരുന്നു. ആടിനെ കൊല്ലാതെ തൊലിയുരിയുന്നതു പോലെ എന്റെ തൊലിയുരിച്ചു. എന്റെ മക്കള്‍ക്ക് ആ ഗതി വരരുതെന്ന് എനിക്കുണ്ടായിരുന്നു.
മഞ്ഞുമൽ ബോയ്സ് ഇറങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ എന്‍. കൃഷ്ണ വിളിച്ചു. അദ്ദേഹത്തിന്റെ നെടുംപാലയ് എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ ഒരു മലയാളം സിനിമ ഹിറ്റായി ഓടുന്നു എന്ന സന്തോഷം പറയാനാണു വിളിച്ചത്. മകന് ചന്തു അതില്‍ അഭിനയിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു വലിയ സന്തോഷമായി.
എന്നാല്‍ മകന് അഭിനയിച്ച സിനിമ ഞാനിതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, സ്വന്തം മകന് അഭിനയിച്ച ഹിറ്റ് സിനിമ ഒരു മാസം കഴിഞ്ഞിട്ടും കാണാത്ത താന്‍ എന്തൊരു അച്ഛനാണ് എന്ന് അദ്ദേഹം ചോദിച്ചു. പിറ്റേന്നു തന്നെ താന്‍ പോയി സിനിമ കണ്ടു. -സലീം കുമാര്‍