പ്രേമത്തിലെ മലർ മിസിനെ അത്ര പെട്ടെന്നൊന്നും മറക്കാൻ മലയാളി പ്രേക്ഷകർക്കാവില്ല. തമിഴ് കലർന്ന മലയാളവുമായെത്തിയ മലർ മിസിന് ഗംഭീര സ്വീകരണമായിരുന്നു കേരളക്കരയിൽ നിന്നും ലഭിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്. തമിഴിലും തെലുങ്കിലേക്കുമൊക്കെ എത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു സായ് പല്ലവിക്ക് ലഭിച്ചത്.
ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പല നിബന്ധനകളും അംഗീകരിക്കാനാവില്ലെന്നും ഇത് മാറ്റിയില്ലെങ്കിൽ സിനിമ ലഭിച്ചേക്കില്ലെന്ന തരത്തിലുമൊക്കെയുള്ള ഉപദേശങ്ങളും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തിയായിരുന്നു താരം മുന്നേറിയത്.
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിൽത്തന്നെ പരസ്യങ്ങളിൽ അഭിനയിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ സ്വന്തം നിലപാടുകൾ കൃത്യമായി താരം തുറന്നുപറഞ്ഞിരുന്നു.
നേരത്തെ രണ്ടു കോടിയുടെ പരസ്യം താരം വേണ്ടെന്നുവച്ചിരുന്നുവെന്ന വാർത്തയായിരുന്നു പുറത്തുവന്നത്. ഇപ്പോൾ ഒരു കോടി രൂപയുടെ പരസ്യത്തിൽ അഭിനയിക്കാനുള്ള അവസരമാണ് താരത്തെ തേടിയെത്തിയത്. വസ്ത്ര വ്യാപാരരംഗത്തെ പുതിയ ബ്രാൻഡിന്റെ മോഡലാവുന്നതിന് വേണ്ടിയായിരുന്നു താരത്തെ ബന്ധപ്പെട്ടവർ സമീപിച്ചത്.
എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും ഈ ഓഫർ വേണ്ടെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്. തനിക്ക് ജീവിക്കാനുള്ള സന്പാദ്യമൊക്കെ സിനിമയിൽ നിന്നും കിട്ടുന്നുണ്ട്. പരസ്യങ്ങളുടെ ഭാഗമാവാൻ താനുദ്ദേശിക്കുന്നില്ലെന്നും താരം തുറന്നടിച്ചുവത്രേ.