പ്രേമത്തിലെ മലർ മലയാളത്തിൽ തീർത്ത തരംഗമാണ് തെലുങ്കിലിപ്പോൾ സായ് പല്ലവി ആവർത്തിച്ചിരിക്കുന്നത്. ഫിഡ എന്ന ചിത്രത്തിലെ ഭാനുമതി എന്ന കഥാപാത്രമായാണ് സായ് എത്തിയത്. ചിത്രത്തിൽ സായ് തിളങ്ങിയെന്നാണു ടോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. പാട്ടും ഡാൻസുമൊക്കെ ഓകെ ആണെങ്കിലും ചുംബനരംഗങ്ങളോട് തനിക്കു താൽപ്പര്യമില്ലെന്നാണ് സായിയുടെ നിലപാട്.
സ്ക്രീനിൽ ചുംബിക്കാൻ താൽപ്പര്യമില്ല. എന്റെ മാതാപിതാക്കൾ അനുവദിക്കാത്ത തു കൊണ്ടാണത്. എനിക്കെന്റെ സ്വപ്നങ്ങൾ പിന്തുടരാൻ സാധിക്കുന്നത് എന്റെ മാതാപിതാക്കളുടെ അനുഗ്രഹത്താലാണ്. അപ്പോൾ അവരെ അസ്വസ്ഥതപ്പെടുത്തുന്നതൊന്നും എന്റെ ജോലിയിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം. അതുകൊണ്ട് അതിനോട് അകലം പാലിക്കും.
സായിയുടെ മുഖക്കുരുവും നീണ്ട മുടിയുമാണ് ടോളിവുഡിലെ ഇപ്പോഴത്തെ മറ്റൊരു ചർച്ച. റോസാഷിയ എന്ന സ്കിൻ കണ്ടീഷൻ എനിക്കുണ്ട്. ഫോട്ടോ സെൻസിറ്റീവുമാണ്. അതുകൊണ്ട് കാമറയ്ക്ക് മുന്നിൽ എത്തിയാലുടൻ മുഖം ചുവന്ന് തുടുക്കും. സൗന്ദര്യത്തിന് എന്തെങ്കിലും അളവുകോൽ ഉണ്ടെന്ന് കരുതുന്നില്ല. സ്ത്രീ ദൈവങ്ങളുടെ ചിത്രങ്ങളിൽ നീണ്ട മുടി കണ്ടപ്പോൾ മുതലാണ് മുടി നീട്ടി വളർത്താൻ തുടങ്ങിയതെന്നും സായ് പല്ലവി പറയുന്നു.