ചിത്രം പരാജയപ്പെട്ടു, പ്രതിഫലം വേണ്ടെന്നുവച്ച് നടി സായ് പല്ലവി! അഭിനന്ദനവുമായി സിനിമാലോകം; മാതൃകാപരമെന്ന് ആരാധകരും

പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമാസ്വാദകരുടെ ഇഷ്ടക്കാരിയായി മാറിയ നടിയാണ് സായ് പല്ലവി. മലയാളത്തില്‍ നിന്ന് തെന്നിന്ത്യയിലേക്ക് കൂടുമാറിയ അവര്‍ പലപ്പോഴും പല തരത്തിലുള്ള വിവാദങ്ങളിലും പെട്ടിട്ടുണ്ട്. പലപ്പോഴും എടുത്തിട്ടുള്ള നിലപാടുകളുടെ പേരിലാണ് സായ് പല്ലവി പഴി കേള്‍ക്കേണ്ടി വന്നതെന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴിതാ വീണ്ടും മറ്റൊരു വേറിട്ട നിലപാടിലൂടെ സായി പല്ലവി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. ചിത്രം പരാജയപ്പെട്ടതിനാല്‍ അഭിനയിച്ചതിന്റെ പ്രതിഫലം വാങ്ങാതെ മാതൃകയായിരിക്കുകയാണ് സായ് പല്ലവി.

തെലുങ്ക് ചിത്രമായ ‘പടി പടി ലെച്ചേ മനസു’ എന്ന ചിത്രത്തിന്റെ പ്രതിഫലമാണ് നടി വേണ്ടെന്ന് പറഞ്ഞത്. 22 കോടി രൂപയ്ക്ക് വിതരണാവകാശം വിറ്റു പോയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും എട്ടു കോടി രൂപ മാത്രമാണ് സ്വന്തമാക്കിയത്. ഇതോടെ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും വന്‍നഷ്ടം സംഭവിച്ചു.

ചിത്രത്തില്‍ അഭിനയിക്കാനെത്തുമ്പോള്‍ മുന്‍കൂറായി താരം കുറച്ച് പണം കൈപ്പറ്റിയിരുന്നു. എന്നാല്‍ ബാക്കി തുകയുമായി നിര്‍മാതാക്കള്‍ കാണാനെത്തിയപ്പോഴാണ് സായി ആ പണം വേണ്ടെന്ന് വ്യക്തമാക്കിയത്.

40ലക്ഷത്തോളം രൂപയാണ് സായി വേണ്ടെന്ന് വച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പരാജയം സാമ്പത്തികബുദ്ധിമുട്ടുണ്ടാക്കിയ നിര്‍മാതാക്കള്‍ക്ക് ആശ്വാസമായിരിക്കുകയാണ് താരത്തിന്റെ നിലപാട്. സായിയുടെ തീരുമാനത്തെ പ്രശംസിച്ച് മറ്റ് നിര്‍മാതക്കളും രംഗത്തെത്തിയിട്ടുണ്ട്. സിനിമാലോകത്തെങ്ങും ചര്‍ച്ചാ വിഷയമായിരിക്കുകയാണ് സായ് പല്ലവിയുടെ ഈ തീരുമാനം.

Related posts