രണ്ടുകോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും ഫെയര്മെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ നടി സായ് പല്ലവി തയാറായില്ല എന്ന വാര്‍ത്ത വലിയ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സായ് പല്ലവിയെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എങ്കിലും എന്തുകൊണ്ടാണ് സായ് പല്ലവി ഇക്കാര്യത്തില്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്ന കാര്യത്തില്‍ ആളുകള്‍ക്ക് ഉറപ്പ് ഉണ്ടായിരുന്നില്ല.
ഇപ്പോഴിതാ അങ്ങനെയൊരു തീരുമാനം എടുത്തതിന്റെ കാരണം വെളിപ്പെടുത്തി നടി സായ് പല്ലവി രംഗത്തെത്തിയിരിക്കുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സായ് പല്ലവി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഒരുകാലത്ത് തനിക്കുണ്ടായിരുന്ന അരക്ഷിതാവസ്ഥയും അപകര്‍ഷതാബോധവും തന്നെയാണ് അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സായ് പല്ലവി വ്യക്തമാക്കി. സായ് പല്ലവിയുടെ വാക്കുകള്‍ ഇങ്ങനെ…
‘എന്നോട് അടുത്തുനില്ക്കുന്ന ആളുകള്‍ എന്റെ മാതാപിതാക്കളും സഹോദരി പൂജയും സുഹൃത്തുക്കളുമാണ്. പൂജക്ക് എന്നെക്കാള്‍ നിറം കുറവാണ്. കണ്ണാടിക്ക് മുന്നില്‍ ഒരുമിച്ച് നില്ക്കുമ്പോള് അവള് എന്റെ മുഖത്തേക്കും സ്വന്തം മുഖത്തേക്കും മാറി മാറി നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഒരിക്കല്‍ അവളെ പറ്റിക്കാനായി ഞാന്‍ പറഞ്ഞു, പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ നിറം കൂടുമെന്ന്. ഇഷ്ടമില്ലാതിരുന്നിട്ടും അവള് അത് ചെയ്തു, കാരണം അവള്‍ക്ക് നിറം കൂടണമെന്ന ആഗ്രഹമുണ്ടായിരുന്നു. അന്ന് ഞാന്‍ ചെയ്തതിനെ ഓര്‍ത്ത് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. എന്നെക്കാള്‍ അഞ്ച് വയസ്സ് മാത്രം പ്രായം കുറവുള്ള ഒരു പെണ്‍കുട്ടിയില്‍ ഞാന്‍ പറഞ്ഞ കാര്യം എത്ര സ്വാധീനം ചെലുത്തിയെന്ന് ചിന്തിച്ചു.
അത്തരമൊരു പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഞാനെന്ത് ചെയ്യും? വീട്ടില്‍ പോയി മൂന്ന് ചപ്പാത്തി കഴിക്കുമായിരിക്കും, അല്ലെങ്കില്‍ ചോറ്. എനിക്കതില്‍ കൂടുതല്‍ ആവശ്യങ്ങളൊന്നുമില്ല. എനിക്ക് ചുറ്റുമുള്ളവര്‍ സന്തോഷമായിരിക്കണം എന്നതാണ് വേണ്ടത്.
ഇത് ഇന്ത്യന്‍ നിറമാണ്. വിദേശികളുടെ നിറത്തെ നോക്കി നിങ്ങളെന്തുകൊണ്ടാണ് ഇത്ര വെളുത്തിരിക്കുന്നത് എന്ന് ചോദിക്കുന്നത് മണ്ടത്തരമാണ്. കാരണം അതവരുടെ നിറമാണ്. ആഫ്രിക്കയിലെ ആളുകള്‍ക്ക് ഇരുണ്ട നിറമാണ്, അവരാണ് ഈ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ആളുകള്‍.
പ്രേമം എന്ന സിനിമയില്‍ അഭിനയിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഞാനും ഫെയര്‍നെസ് ക്രീമുകള്‍ മാറി മാറി പരീക്ഷിച്ചേനെ. മുഖക്കുരു മാറാനുള്ള ക്രീമുകള്‍ക്ക് പിന്നാലെ പോയേനെ. ഇതുവരെ പുരികം പോലും ത്രെഡ് ചെയ്തിട്ടില്ല. ഞാന്‍ സംവിധായകന് അല്‍ഫോണ്‍സിനോട് ചോദിച്ചു, ഞാന്‍ മുടി വെട്ടിയില്ല, ഒന്നും ചെയ്തിട്ടില്ല, എനിക്കെങ്ങനെ നായിക ആകാന്‍ കഴിയുമെന്ന്.
ആളുകള്‍ തിയറ്ററില്‍ നിന്നിറങ്ങിപ്പോകില്ലേ? ആണുങ്ങളെപ്പോലെ തോന്നിക്കുന്ന എന്റെ ശബ്ദത്തിലും എനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നു. ഇപ്പോഴും എന്റെ ഫോണിലേക്ക് വിളിച്ച് ‘സര്, മാഡത്തിന് ഫോണ്‍ കൊടുക്കുമോ’ എന്ന് പലരും ചോദിക്കാറുണ്ട്. ഇത്തരത്തിലുള്ള പല അരക്ഷിതാവസ്ഥകളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. കാര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ സമീപിക്കാനുള്ള കരുത്തുള്ളപ്പോള്‍, അത് ശരിയായ രീതിയില്‍ ഉപയോഗിക്കാനാണ് എനിക്കിഷ്ടം’. സായ് പല്ലവി പറയുന്നു.