സിനിമാലോകം അങ്ങനെയാണ്. ഒരൊറ്റ സിനിമ മതി ഒരാളുടെ തലേവര മാറിമറിയാന്‍. ഒരു സിനിമ ക്ലിക്കായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടാത്ത കുതിപ്പായിരിക്കും ഉണ്ടാവുക. പിന്നീട് അവസരങ്ങള്‍ നാനദിക്കില്‍ നിന്നും വരും. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ പ്രേമം സിനിമയിലെ നായികമാരില്‍ ഒരാളായിരുന്ന സായ് പല്ലവിയാണ് ഇക്കാര്യത്തില്‍ ഏറ്റവും നല്ല ഉദാഹരണം. പ്രേമത്തിലെ മറ്റ് നായികമാരും പ്രശസ്തരായെങ്കിലും സായ് പല്ലവിയ്ക്ക് ലഭിച്ച അംഗീകാരം കുറച്ചുകൂടി വലുതായിരുന്നു. പ്രേമത്തിലെ മലര്‍ മിസ് എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ തെലുങ്കിലും തമിഴിലും സായിയെ തേടി നിരവധി അവസരങ്ങള്‍ വന്നു.
അരങ്ങേറ്റം നടത്തുന്ന ഏതൊരു നടിയുമെന്നതുപോലെ സായ് പല്ലവിയും കുറച്ചധികം തെറ്റിദ്ധാരണകള്‍ക്ക് വിധേയയാക്കപ്പെട്ടു. സായ് പല്ലവി മലയാളിയാണെന്നതാണ് അതിലൊന്ന്. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചതാണ് ആ സംശയം ബലപ്പെടാനുള്ള കാരണം. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്ന് വ്യക്തമാക്കി സായ് പല്ലവി തന്നെ രംഗത്തെത്തിയിരിക്കുന്നതായാണ് സിനിമലോകത്തുനിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോട്ടഗിരിയില്‍ ജനിച്ച് കോയമ്പത്തൂരില്‍ വളര്‍ന്ന സായ് തനി തമിഴ് പെണ്‍കുട്ടിയാണത്രേ.
ഒരു സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെ ഒരാള്‍ മലയാളി എന്ന് വിശേഷിപ്പിച്ചത് സായിക്ക് ഇഷ്ടമായില്ല. നീരസം പ്രകടിപ്പിച്ച സായി, താന്‍ മലയാളിയല്ലെന്നും തമിഴ്നാട്ടുകാരിയാണെന്നും പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവാഹിതനായ തമിഴ് നടനുമായി സായ് പല്ലവി പ്രണയത്തിലാണെന്ന് തമിഴ് സിനിമാലോകത്തുനിന്ന് വാര്‍ത്തകള്‍ വരുന്നതിനിടെയാണ് താന്‍ തമിഴ്‌നാട്ടുകാരിയാണെന്ന സായ് പല്ലവിയുടെ പുതിയ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
നല്ല വ്യക്തിത്വത്തിനുടമ എന്ന് വിശേഷിപ്പിക്കാവുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് സായ് പല്ലവി എന്ന് പറയപ്പെടുന്നുണ്ട്. ഫെയര്‍നെസ്സ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞതും, ഗ്ലാമറസ് വേഷങ്ങള്‍ പരിധി വിട്ട് പോവില്ലെന്ന് പറഞ്ഞതും തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിനൊക്കെശേഷമാണ് ഇപ്പോള്‍ താന്‍ മലയാളി അല്ലെന്നും സെലിബ്രിറ്റിയാണെന്ന് കരുതി തോന്നിയതുപോലെ ജന്മദേശം പോലും മാറ്റി പറയാന്‍ താന്‍ സമ്മതിക്കില്ലെന്നും സൂചിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണം സായ് പല്ലവി നടത്തിയിരിക്കുന്നത്. നാനിക്കൊപ്പം മിഡില്‍ ക്ലാസ് അബ്ബായി എന്ന സിനിമയിലാണ് സായി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വേണു ശ്രീരാമാണ് ചിത്രത്തിന്റെ സംവിധായകന്‍.