സായി പല്ലവി നായികയായി എത്തിയ തമിഴ്ചിത്രം എന്‍ജികെയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി. സൂര്യ നായകനായ ചിത്രത്തിലെ ഒരു പ്രത്യേക രംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്റെ പ്രതീക്ഷയ്ക്കൊത്തുള്ള പ്രകടനം കാഴ്ചവെയ്ക്കാന്‍ തനിക്ക് സാധിക്കാത്തതിനെ കുറിച്ചാണ് സായി പല്ലവിയുടെ വെളിപ്പെടുത്തല്‍.
ആ രംഗം വീണ്ടും ഷൂട്ട് ചെയ്യാനായി പിറ്റേദിവസത്തേക്ക് മാറ്റി വെച്ചപ്പോള്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നുപോയെന്നാണ് താരം പറയുന്നത്. ‘ഇതേ തുടര്‍ന്ന് ആ ദിവസം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. വീട്ടില്‍ചെന്ന് അമ്മയോട് മെഡിസിന് തിരിച്ച് പോവുകയാണെന്നും ഞാന്‍ ഒരു നല്ല നടിയല്ലെന്നും പറഞ്ഞു. ഭാഗ്യത്തിന് അടുത്തദിവസം എന്റെ ആദ്യ ടേക്ക് തന്നെ ഓക്കെയായി. അപ്പോഴാണ് തനിക്ക് സമാധാനമായത്’ സായി പറഞ്ഞു. നടന് സൂര്യയും സെല്‍വരാഘവന്റെ പ്രതീക്ഷയ്ക്കൊപ്പമെത്താന്‍ വേണ്ടി പല ടേക്കുകള്‍ എടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായതെന്നും സായി പല്ലവി കൂട്ടിച്ചേര്‍ത്തു.