ന്യൂഡൽഹി: ഒൗട്ട് ഡോർ കായിക ഇനങ്ങൾ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചതിനെത്തുടർന്ന് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡൽഹിയിൽ തങ്ങളുടെ അധീനതയിലുള്ള അഞ്ച് സ്റ്റേഡിയങ്ങളിൽ രണ്ട് എണ്ണം ഇന്നലെ തുറന്നു.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം, മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം എന്നിവ തുറന്നതായി സായ് ഇന്നലെ അറിയിച്ചു. ഉച്ചകഴിഞ്ഞ് മാത്രമായിരിക്കും സ്റ്റേഡിയം തുറക്കുക. ഓണ്‍ ലൈനിൽ നേരത്തേ ബുക്ക് ചെയ്യുന്നവർക്ക് ഒരു മണിക്കൂർ പരിശീലനം അനുവദിക്കും.
പരിശീലനം, ആരോഗ്യ കാര്യങ്ങൾ, കൊറോണ പ്രതിരോധം തുടങ്ങിയ വിവിധ മാർഗനിർദേശങ്ങളുടെ വിശദാംശങ്ങൾ സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റേഴ്സിനു കൈമാറിയിട്ടുണ്ടെന്നും സായ് വ്യക്തമാക്കി.
പ്രവർത്തനമാരംഭിച്ച സ്റ്റേഡിയങ്ങൾ സാനിറ്റൈസേഷൻ നടത്തി. അന്പെയ്ത്ത്, ടേബിൾ ടെന്നീസ്, ബാഡ്മിന്റണ്‍, ലോണ്‍ ടെന്നീസ് എന്നിവയുടെ പരിശീലനങ്ങളാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിച്ചത്.
സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ഭാഗമായി സ്റ്റേഡിയങ്ങളിലെ 50 ശതമാനം സൗകര്യങ്ങളേ തുറന്നു നൽകുകയുള്ളൂ. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സർക്കാർ നിർദേശാനുസരണം 10 വയസിനു മുകളിലുള്ള കായിക താരങ്ങളെ മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ.
സായ് അധീനതയിലുള്ള ഇന്ദിരാഗാന്ധി സ്റ്റേഡിയം, കർണി സിംഗ് ഷൂട്ടിംഗ് റേഞ്ച്, ശ്യാമപ്രസാദ് മുഖർജി സ്വിമ്മിംഗ് കോംപ്ലെക്സ് എന്നിവ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇന്ദിരാഗാന്ധി സ്റ്റേഡിയവും കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചും ഒരു ആഴ്ചയ്ക്കുള്ളിൽ തുറക്കാനുള്ള തയാറെടുപ്പിലാണ്.
അതേസമയം, നാലാം ഘട്ട ലോക്ക് ഡൗണിലും മേയ് 31വരെ സ്വിമ്മിംഗ് പൂളുകൾ അടച്ചിടണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ശ്യാമപ്രസാദ് മുഖർജി കോംപ്ലെക്സ് തുറന്നില്ല.