കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായിച്ചുകളയാന്‍ സഹായിച്ചെന്ന് കരുതുന്ന സൈബര്‍ വിദഗ്ധന്‍ സായി ശങ്കര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പോലീസ് തന്നെ വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകരടക്കമുളളവര്ക്കെതിരേ മൊഴി നല്കാന് ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദമുണ്ടെന്നു ഹര്‍ജിയില്‍ പറയുന്നു.
ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് ലക്ഷണമുണ്ടെന്നു പറഞ്ഞ് സായിശങ്കര്‍ ഹാജരായിരുന്നില്ല.
അതേസമയം കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സായി ശങ്കര്‍ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍വച്ചും സ്വകാര്യ ഹോട്ടലില്‍വച്ചും നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ ദിലീപിന്റെ ഫോണിലെ പേഴ്സണ്‍ വിവരങ്ങള്‍ താന്‍ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്.
തെളിവ് നശിപ്പിച്ചു
അതേസമയം സായി ശങ്കര്‍ കൊച്ചിയില്‍ തങ്ങിയതിനുള്ള നിര്‍ണായകമായ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് വിവരം.
അഭിഭാഷകന്റെ നിര്‍ദേശപ്രകാരം കൊച്ചിയിലെത്തിയാണ് ഇയാള്‍ ഫോണിലെ വിവരങ്ങള്‍ നീക്കിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ജനുവരി 29, 30 തീയതികളില്‍ സായ് ശങ്കര്‍ കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലായി മുറി എടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മാറ്റിയത് സായിയുടെ ഡെസ്ക്ടോപ് സിസ്റ്റമായ ഐ മാക് വഴി ആണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഫോണിലെ വിവരങ്ങള്‍ മാറ്റാന്‍ ഐ മാക് കോഴിക്കോട്ടുനിന്ന് അഭിഭാഷകന്റെ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചു. ഐ മാകും ദിലീപിന്റെ ഫോണും വക്കീല്‍ ഓഫീസിലെ വൈഫൈയും തമ്മില്‍ കണക്ട് ചെയ്തതിനും തെളിവു ലഭിച്ചിട്ടുണ്ട്.
പരിശോധനാ ഫലത്തിനായി ക്രൈംബ്രാഞ്ച്
ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് ആപ്പിള്‍ ഫോണുകളിലെ സുപ്രധാന വിവരങ്ങള്‍ മായ്ച്ചുകളഞ്ഞതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
തുടര്‍ന്നാണ് വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. അതേസമയം, മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെത്തിച്ചു നീക്കംചെയ്ത ഫോണുകളുടെ പരിശോധനാഫലം ഇതുവരെ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല.