കൊച്ചി: വധഗൂഢാലോചന കേസിലെ മുഖ്യപ്രതിയായ നടന് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ കസ്റ്റഡിയിലെടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നീക്കം തുടങ്ങി.
തെളിവു നശിപ്പിക്കാനായി ഉപയോഗിച്ച ഐ മാക്കും ലാപ്പ്ടോപ്പും അഡ്വ.ഫിലിപ്പ് വാങ്ങി അഡ്വ.രാമന്‍പിള്ളയുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് സായ് ശങ്കര്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.
ഇവ സായ് ശങ്കറുടെ കൈവശം വച്ചാല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ലാപ്ടോപ്പും ഐ മാക്കും വാങ്ങിയതെന്നാണ് കേസിലെ ഏഴാം പ്രതിയായ സായ് ശങ്കറുടെ മൊഴി. തന്റെ ഭാര്യയുടെ കംപ്യൂട്ടറും തെളിവു നശിപ്പിക്കാനായി ഉപയോഗിച്ചുവെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.
സായ് ശങ്കറിനെ ചോദ്യം ചെയ്യും
ഇന്നലെ അറസ്റ്റിലായ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യും. ചൊവ്വാഴ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ഇയാള്‍ക്കു നോട്ടീസ് നല്കി.
ഫോണില്‍ നിന്ന് തെളിവ് നശിപ്പിച്ച കേസിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ഇയാളുടെ രഹസ്യമൊഴിയെടുക്കാന്‍ മജിസ്ട്രേറ്റ് അനുമതി നല്‍കിയിട്ടുണ്ട്.
19ന് മൊഴിയെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം രഹസ്യമൊഴിയെടുക്കുന്നത് നേരത്തെ ആക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
കാരണം കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഈ മാസം 15ന് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്താന്‍ സമയം അനുവദിച്ചില്ലെങ്കില്‍ ഇത് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനെ ബാധിക്കുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.
കേസിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സായ് ശങ്കര്‍ ആന്ധ്രപ്രദേശിലെ പുട്ടപര്‍ത്തിയിൽ കഴിയുകയായിരുന്നു. ഏഴിന് ഉച്ചയോടെ പുട്ടപര്‍ത്തിയില്‍നിന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കീഴടങ്ങുകയായിരുന്നു.
തുടര്‍ന്ന് ഇന്നലെ രാത്രിതന്നെ ഇയാളെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചിരുന്നു. തെളിവുകളില്‍ കൃത്രിമം കാണിച്ചതിനും ഇലക്ട്രോണിക് തെളിവുകള്‍ നശിപ്പിച്ചതിനും 201, 204 വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണ് തെളിവുകള്‍ നശിപ്പിച്ചതെന്നാണ് സായ് ശങ്കര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി നല്കി.
ഇന്നലെ വൈകിട്ടോടെ ഇയാളെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.
ശബ്ദരേഖ പുറത്ത്
കേസില്‍ കാവ്യാ മാധവന്റെ പങ്ക് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത്. വധഗൂഢാലോചനക്കേസിലെ പ്രതിയും ദിലീപിന്റെ സഹോദരീഭര്‍ത്താവുമായ സുരാജ് കേസിലെ മറ്റൊരു പ്രതിയായ ശരത്തിനോട് സംസാരിച്ചതിന്റെ ഭാഗങ്ങളാണ് പുറത്തുവന്നത്.
ഈ ശബ്ദരേഖ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. കുടുക്കാന്‍ ശ്രമിച്ചവര്‍ക്ക് കാവ്യ കൊടുത്ത പണിയാണിതെന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്.
ഒമ്പതര മിനിറ്റ് നീളുന്നതാണ് ഓഡിയോ. ഇതില്‍ കാവ്യയുടെ പങ്കിനെപ്പറ്റി സുരാജ് ശരത്തിനോട് സംസാരിക്കുന്നുണ്ട്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങള്‍ക്കു കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്.
കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്ന് സുരാജ് പറയുന്നു. ‘‘കൂട്ടുകാര്‍ക്ക് തിരിച്ച് പണി കൊടുക്കാന്‍ കാവ്യ ശ്രമിച്ചു.
കാവ്യയെ കുടുക്കാന്‍വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍നിന്നു വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക…
ഡി സിനിമാസ്, ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന് അനൂപിന്റെ വീടുമുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്.
അത് എന്തുകൊണ്ടാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിനു കാരണം…” ദിലീപിന് ഇതു സമ്മതിക്കാന്‍ വിഷമമാണെന്നും സുരാജ് ശരത്തിനോട് പറയുന്നുണ്ട്.
ദിലീപിന്റെ അഭിഭാഷകര്‍ വഞ്ചിച്ചെന്ന്
അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് തനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെന്ന പേരില്‍ തന്റെ ഒപ്പ് വാങ്ങി ദിലീപിന്റെ അഭിഭാഷകര്‍ എഴുതിച്ചേര്‍ത്ത കള്ള പരാതിയാണിതെന്നും സായ് ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദി
ലീപിന്റെ രണ്ടു ഫോണിലെ രേഖകളാണ് ഞാന്‍ നീക്കിയത്. അതില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലായിരുന്നു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഫോണില്‍ ഉണ്ടായിരുന്നു.
അതില്‍ കോടതി സീല്‍ ഉള്ളതും ഇല്ലാത്തതുമുള്പ്പെടെയുണ്ടായിരുന്നു. ഇത് കോപ്പി ചെയ്തു മാറ്റുന്നതിനാണ് തന്നെ വിളിച്ചുവരുത്തിയത്.
ദിലീപും അഭിഭാഷകനുമാണ് ഇത് നീക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും സായ് ശങ്കര്‍ പറഞ്ഞു. പുറത്തുവരാന്‍ പാടില്ലാത്ത രേഖകളാണ് ഫോണിലുണ്ടായിരുന്നത്. ഇവയാണ് നീക്കം ചെയ്തത്. ഇക്കാര്യങ്ങള്‍ പുറത്ത് വരരുതെന്നും നിര്‍ദേശിച്ചിരുന്നു.