കാഞ്ഞിരപ്പള്ളി: കോടതിവിധിയെ തുടർന്ന് വീട്ടിൽ നിന്നു മാതാവിനോടൊപ്പം ഇറങ്ങേണ്ടി വന്ന ഒൻപതാം ക്ലാസുകാരിക്ക് പാഠപുസ്തകം കോടതി തിരികെ നൽകി. കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപ്പറമ്പിൽ ബബിതയുടെ മകൾ സൈബയുടെ പുസ്തകങ്ങളും ബുക്കുകളും കോടതിയിൽ നിന്ന് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർ കോടതയിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ ഇവരുടെ അഭിഭാഷകൻ പ്രദീപ് കുമാർ മുഖേന സൈബയുടെ അമ്മ ബബിത നൽകിയ ഹർജി പരിഗണിച്ചാണ് കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി പുസ്തകങ്ങൾ തിരികെ കൊടുത്തത്.
കോടതിയിൽനിന്നു തിരികെ ലഭിച്ച പുസ്തകങ്ങളും സ്കൂൾ ബാഗും പ്രദീപ് കുമാർ, കാഞ്ഞിരപ്പള്ളി എസ്ഐ എ.എസ്. അൻസിൽ എന്നിവർ ആശുപത്രിയിലെത്തി സൈബയ്ക്ക് കൈമാറി. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന സൈബയ്ക്ക് 28 മുതൽ30 വരെ പരീക്ഷയുണ്ട്.
കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയുടെ ഉത്തരവിനെ തുടർന്ന് തിങ്കളാഴ്ചയാണ് പൂതക്കുഴി തൈപ്പറമ്പിൽ ബബിത ഷാനവാസ്, മകൾ സൈബ ഷാനവാസ് എന്നിവരെ താമസിച്ചിരുന്ന ഒറ്റമുറി വീട്ടിൽനിന്നും പോലീസ് ഒഴിപ്പിച്ചത്. ഗർഭപാത്രത്തിലുണ്ടായ മുഴയ്ക്ക് ചികിൽസയിലാണ് ബബിത.
വിശ്രമത്തിലായിരുന്ന ബബിതയ്ക്ക് പോലീസ് എത്തിയിട്ടും എഴുന്നേൽക്കാൻ കഴിയാതെ വന്നതോടെ കട്ടിലിൽ കിടന്ന കിടക്കയോടു കൂടി പോലീസ് എടുത്തു പുറത്തിറക്കി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ജമാ അത്ത് ഭാരവാഹികൾ ഇവർക്കായി പൂതക്കുഴിയിൽ വാടക വീട് കണ്ടെത്തിക്കഴിഞ്ഞു. ഡിസ്ചാർജ് ചെയ്യുന്നതോടെ ഇവരെ വാടക വീട്ടിലേക്ക് മാറ്റനാണ് തീരുമാനം.