കൊച്ചി: കേസില്‍ നിന്ന് പിന്മാറാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ അഡ്വ സൈബി ജോസിനെതിരെ തെളിവില്ലെന്ന് പോലീസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പണം ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ല. കേസില്‍ അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വഞ്ചനാക്കേസിലെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സൈബി നല്കിയ ഹര്‍ജിയിലാണ് പോലീസ് കോടതിയില്‍ മറുപടി നല്‍കിയത്.
ചേരാനല്ലൂര്‍ പോലീസാണ് സൈബി ജോസിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു കേസില്‍ നിന്ന് പിന്മാറാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ തമ്മിലുള്ള കേസില്‍ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി.
കേസില്‍ നിന്ന് പിന്മാറാമെന്ന് വാഗ്ദാനം ചെയ്ത് ഭര്‍ത്താവില്‍നിന്ന് പണം വാങ്ങിയെന്നാണ് പരാതി. കേസുമായി മുന്നോട്ട് പോയാലുണ്ടാകുന്ന നടപടികള്‍ പറഞ്ഞ് ഇയാളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
പണം വാങ്ങിയ ശേഷം ആലുവ കോടതിയിലെ കേസ് പിന്‍വലിച്ചെങ്കിലും കുടുംബ കോടതിയിലെ കേസ് പിന്‍വലിച്ചില്ല. ഇതോടെയാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്.